
ഇടുക്കി: കനത്ത മഴയെത്തുടർന്ന് ഉരുൾപൊട്ടലുണ്ടായ ഇടുക്കി മുളകരമേട്ടിൽ വീണ്ടും മണ്ണിടിച്ചിൽ ഭീഷണി. ഓഗസ്റ്റ് എട്ടിന് പെയ്ത പെരുമഴയിൽ ഉരുൾപൊട്ടി മുളകരമേട്ടിലെ മൂന്ന് വീടുകൾ പൂർണ്ണമായും തകർന്നിരുന്നു. അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് ഇവിടെയുള്ളവർ രക്ഷപ്പെട്ടത്. നൂറോളം കുടുംബങ്ങളാണ് ഉരുൾപൊട്ടൽ ഭീതിയോടെ പ്രദേശത്ത് കഴിയുന്നത്.
മണ്ണിടിച്ചിൽ ഭീഷണിയിലാണ് കഴിയുന്നതെന്നും അതുമൂലം മനസമാധാനത്തോടെ ഉറങ്ങാറില്ലെന്നും നാട്ടുകാരനായ സുരേന്ദ്രൻ പറഞ്ഞു. വീട്ടിൽ അമ്മയും ഭാര്യയും കുട്ടികളുമുണ്ട്. രാത്രിയില്‍ എന്തെങ്കിലും അപകടമുണ്ടായാൽ ഇവരെ രക്ഷപ്പെടുത്താൻ വളരെ ബുദ്ധിമുട്ടായിരിക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ഉരുൾപൊട്ടൽ രൂക്ഷമായതിനെ തുടർന്ന് മുളകരമേട്ടിലെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. ക്യാമ്പിൽ നിന്ന് ഏറെ ആശങ്കയോടെയാണ് ആളുകൾ വീട്ടിലേക്ക് മടങ്ങുന്നത്. അതേസമയം, വീടുകൾ ഭാഗികമായും പൂർണമായും നഷ്ടപ്പെട്ടവർക്ക് മാറിപോകാൻ ഇടമില്ലെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ നൂറ് കണക്കിന് ആളുകളുടെ ജീവൻ അപകടത്തിലാവുമെന്നും നാട്ടുകാർ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam