തുടർച്ചയായ മണ്ണിടിച്ചിലിൽ അപകടത്തുരുത്താവുന്ന മൂന്നാറിലെ ലോക്കാട് ഗ്യാപ്പ്

By Web TeamFirst Published Jul 16, 2022, 5:30 PM IST
Highlights

ഗതാഗതം തടസ്സപ്പെട്ടതോടെ പൂപ്പാറയില്‍ നിന്ന് ഇതിലൂടെ  മൂന്നാറിലേക്കുള്ള യാത്രയ്ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ലോക്കാട് ഗ്യാപ്പില്‍ ദേശീയ പാതാ വികസന പണികള്‍ ആരംഭിച്ച ശേഷം ചെറുതും വലുതുമായി ഒമ്പതു തവണയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.

മൂന്നാര്‍ : തുടര്‍ച്ചയായി ഉണ്ടാകുന്ന മണ്ണിടിച്ചിൽ ലോക്കാട് ഗ്യാപ്പിനെ അപകടത്തുരുത്തായി മാറ്റുകയാണ്. പലപ്പോഴും ഇവിടെയുണ്ടാകുന്ന മണ്ണിടിച്ചിലിൽ നിന്ന് ആളുകൾ രക്ഷപെടുന്നത് തലനാരിഴയ്ക്കാണ്. കഴിഞ്ഞ ദിവസവും മണ്ണിടിച്ചില്‍ ഉണ്ടായതോടെ മഴക്കാലത്ത് ഇതിലൂടെയുള്ള യാത്ര കൂടുതൽ അപകടകരമാവുകയാണ്. വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് ഉയരത്തില്‍ നിന്ന് പാറക്കെട്ടുകളും മണ്ണും അടര്‍ന്ന് റോഡിലേക്ക് പതിച്ചത്. അപകടസമയത്ത് റോഡില്‍ വാഹനങ്ങള്‍ ഇല്ലാതിരുന്നത് ദുരന്തം ഒഴിവാകുന്നതിന് സഹായകരമായി. സംഭവസ്ഥലം ദേവികുളം സബ് കളക്ടര്‍ സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.

ഗതാഗതം തടസ്സപ്പെട്ടതോടെ പൂപ്പാറയില്‍ നിന്ന് ഇതിലൂടെ  മൂന്നാറിലേക്കുള്ള യാത്രയ്ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ലോക്കാട് ഗ്യാപ്പില്‍ ദേശീയ പാതാ വികസന പണികള്‍ ആരംഭിച്ച ശേഷം ചെറുതും വലുതുമായി ഒമ്പതു തവണയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. പാറക്കെട്ടുകല്‍ റോഡിലേക്ക് പതിക്കുന്ന വേളയില്‍ വാഹനങ്ങള്‍ ഇല്ലാതിരുന്നതാണ് ദുരന്തങ്ങള്‍ ഒഴിവാകുന്നതിനു കാരണമായത്. അതേ സമയം ഒരു തവണ ബൈക്ക് യാത്രികനായ യുവാവും മറ്റൊരു തവണ കാറില്‍ യാത്ര ചെയ്തിരുന്ന സംഘവും രക്ഷപെട്ടത് കഷ്ടിച്ചാണ്. 2018 ല്‍ നിറയെ സ്‌കൂള്‍ കുട്ടികളുമായി യാത്ര ചെയ്ത ബസ് കടന്നു പോയി നിമിഷങ്ങള്‍ക്കം വലിയ തോതില്‍ മണ്ണിടിച്ചില്‍ സംഭവിക്കുകയുണ്ടായി.

രണ്ടു തവണയിലായി മണ്ണിടിച്ചില്‍ ഉണ്ടായത് മൂലം ഏക്കറുകണക്കിനുള്ള കൃഷിയിടങ്ങളാണ് നശിച്ചത്. നിരവധി വീടുകള്‍ തകരുകയും ചെയ്തിരുന്നു. വിവിധ സമയങ്ങളായി മണ്ണിടിച്ചില്‍ ഉണ്ടായതും അതിനെതുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുമെല്ലാം 18 മാസം കൊണ്ട് പൂര്‍ത്തിയാകേണ്ട വികസന പ്രവർത്തനങ്ങളെയും ബാധിച്ചു. അഞ്ചു വര്‍ഷം പിന്നിട്ട സാഹചര്യത്തിലും കൊച്ചി -ധനുഷ്‌കോടി 85 ന്റെ ഭാഗമായ ദേശീയപാതാ വികസന പ്രവർത്തനങ്ങൾ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. 2017 നവംബര്‍ 17 ന് കേന്ദ്രമന്ത്രി നിധിന്‍ ഖഡ്ഗരിയാണ് റോഡുവികസനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. 2019 ഓഗസ്റ്റില്‍ പണി പൂര്‍ത്തിയാക്കാനായിരുന്നു പദ്ധതി.

click me!