
മലപ്പുറം: മഞ്ചേരിയില്‍ വന്‍ രാസലഹരി വേട്ട. വില്‍പനക്കായി സൂക്ഷിച്ച 30 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്പനച്ചി പാലക്കാട് സ്വദേശി പൊറ്റയില്‍ വീട്ടില്‍ മലയന്‍ ഷാഹുല്‍ ഹമീദ് (37), കാരാപറമ്പ് കൂട്ടാവ് സ്വദേശി കാണപറമ്പത്ത് വീട്ടില്‍ സജ്മീര്‍ (33) എന്നിവരാണ് പിടിയിലായത്. മഞ്ചേരി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ എം.കെ. നവീന്‍ ഷാജിന്റെ നേതൃത്വത്തില്‍ മഞ്ചേരി പൊലീസും മലപ്പുറം ഡാന്‍സാഫ് ടീമും ചേര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി കാരാപറമ്പ് പൂക്കൊളത്തൂര്‍ റോഡില്‍ നിരന്നപറമ്പില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.
മഞ്ചേരി, അരീക്കോട്, കാരാപറമ്പ്, പൂക്കൊളത്തൂര്‍, തൃപ്പനച്ചി മേഖലകളില്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ലഹരി വില്‍പന നടത്തുന്ന സംഘത്തില്‍പ്പെട്ടവരാണെന്നും പിടികൂടിയ മയക്കുമരുന്നിന് ചില്ലറ വിപണിയില്‍ രണ്ട് ലക്ഷം രൂപ വില വരുമെന്നും പൊലീസ് പറഞ്ഞു. ലഹരി വില്‍പനയില്‍നിന്ന് ലഭിച്ച അരലക്ഷത്തോളം രൂപയും ഗ്ലാസ് ഫ്യുമുകളും സിറിഞ്ചുകളും വില്‍പനക്ക് എംഡിഎംഎ പാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന ചെറിയ പ്ലാസ്റ്റിക് സിപ്പ് ലോക്ക് കവറുകളും ലഹരി കടത്താന്‍ ഉപയോഗിച്ച ആഡംബരക്കാറും കണ്ടെടുത്തു.
ലഹരി കടത്തിയതിന് പൊലീസ് നേരത്തേയും ഇവരെ പിടികൂടിയിരുന്നു. പ്രതികള്‍ക്ക് ലഹരി കച്ചവടത്തിന് സാമ്പത്തിക സഹായം നല്‍കിയവരെക്കുറിച്ചും പൊലീസ് അന്വേഷിച്ചുവരികയാണ്. മലപ്പുറം ഡി.വൈ.എസ്.പി. കെ. എം. ബിജു, നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി സിബി എന്നിവരുടെ മേല്‍നോട്ടത്തില്‍ മഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ പ്രതാപ്കുമാര്‍, എ.എസ്.ഐ വാഷിദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ രജീഷ്, റിയാസ്, ജില്ലാ ആന്റി നര്‍കോട്ടിക് സ്‌പെഷല്‍ ടീം അംഗങ്ങളായ ദിനേഷ് ഇരൂപ്പക്കണ്ടന്‍, പി. മുഹമ്മദ് സലീം, കെ.കെ. ജസീര്‍, വി.പി. ബിജു, ആര്‍. രഞ്ജിത്ത് എന്നിവരടങ്ങിയ സം ഘമാണ് പ്രതികളെ പിടികൂടി കേസന്വേഷണം നടത്തുന്നത്.