
ആലപ്പുഴ: വയോധികനെ ഇരുമ്പുവടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ബന്ധുവായ അഭിഭാഷകന് ജീവപര്യന്തം ശിക്ഷ. ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് വരകാടിവെളി കോളനി സുദർശനെ (62) കൊന്നകേസിൽ അവിടെതന്നെ താമസിക്കുന്ന അഭിഭാഷകൻ മഹേഷിനെയാണ് (40) ആലപ്പുഴ അഡീഷനൽ സെഷൻസ് കോടതി-രണ്ട് ജഡ്ജി എസ് ഭാരതിയാണ് ശിക്ഷിച്ചത്.
കൊലപാതകത്തിന് ജീവപര്യന്തവും ഒരുലക്ഷംരൂപ പിഴയും. ആക്രമണത്തിൽ സുദർശനന്റെ മകന്റെ കൈയൊടിച്ചതിന് മൂന്നുവർഷവും 25,000 രൂപയുംപിഴയും മകളെ പരിക്കേൽപിച്ചതിന് രണ്ടുവർഷവും തടവ് അനുവഭിക്കണം. പിഴത്തുക രണ്ടുമക്കൾക്കായി വീതിച്ചുനൽകണമെന്നുമാണ് വിധി. സർക്കാർപുറമ്പോക്ക് ഭൂമി പ്രതി കൈയേറി ഷെഡ് നിർമിച്ചതിലുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമായത്.
കേസിൽ മക്കളുടെയും മരുമകളുടെയും കൊച്ചുമകളുടെയും മൊഴിയാണ് നിർണായകമായത്. 2020 സെപ്റ്റംബർ 29നാണ് കേസിനാസ്പദമായ സംഭവം. സുദർശനന്റെ മകൻ സുമേഷും ഭാര്യയും മക്കളും കോളനിയിലെ നാല്സെന്റ് സ്ഥലത്ത് ഷെഡ് കെട്ടിയാണ് താമസിച്ചത്. പ്രളയത്തിൽ ഇത് തകർന്നതോടെ താമസം മാറി. നേരത്തെ താമസിച്ച സ്ഥലത്ത് പ്രതി ഷെഡ് പണിയുന്നതറിഞ്ഞ് സുദർശനനും മക്കളും എത്തിയതോടെ തർക്കമായി.
തുടർന്ന് ഇരുമ്പ് പൈപ്പ് എടുത്ത് സുദർശനന്റെ തലക്ക് പിന്നിലടിച്ച് കൊലപെടുത്തുയായിരുന്നു. മകന്റെ ഇടത് കൈ തല്ലിയൊടിക്കുകയും ആക്രമണത്തിൽ മകൾക്കും മരുമകൾക്കും അടിയേറ്റു. സാക്ഷിയായി 14വയസ്സുള്ള കൊച്ചുമകളുമുണ്ടായിരുന്നു. കൊലപാതകം നടക്കുന്നസമയത്ത് പ്രതിയായ മഹേഷ് കോഴിക്കോട് ലോകോളജിൽ നിയമവിദ്യാര്‍ത്ഥിയായിരുന്നു. കേസിൽ ജാമ്യമെടുത്തശേഷം പഠനംപൂർത്തിയാക്കി അഭിഭാഷകനായി കോഴിക്കോട് പ്രാക്ടീസ് ചെയ്തിരുന്നു.
വിചാരണവേളയിൽ കൊലപാതകത്തെ സംബന്ധിച്ച തർക്കവും കോടതിക്ക് മുന്നിലെത്തിയിരുന്നു. മഹേഷിന്റെ സഹോദരി ലതയാണ് ഷെഡ് പണിതതെന്നും അവരുടെ ഭർത്താവ് ബിജുവാണ് ആക്രമിച്ചതെന്നും മൊഴിനൽകി. ലതയുടെ മരുമകൻ ബിജുവിനെ കൊലപെടുത്തിയകേസും നിലവിലുണ്ട്. ഇതിനൊപ്പം കൊച്ചുമകൾ മജിസ്ട്രേറ്റിന് മുന്നിൽ മൊഴികൊടുക്കാൻ പോകുമ്പോൾ പ്രതിയുടെ ബന്ധുവായ മറ്റൊരു അഭിഭാഷകൻ കോടതിയിൽ പോയാൽ കൊന്നുകളയുമെന്ന് പറഞ്ഞിരുന്നു.
ഇതും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പുറമ്പോക്ക് ഭൂമിയിൽ ഷെഡ് പണിത് വാടകക്ക് കൊടുക്കുന്നതാണ് രീതി. പ്രതിക്കെതിരെ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലും കേസുണ്ട്. അന്നത്തെ മണ്ണഞ്ചേരി സിഐയും നിലവിലെ ഡിവൈഎസ്‌പിയുമായ രവിസന്തോഷാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എസ്എ ശ്രീമോൻ ഹാജരായി.