
കോഴിക്കോട്: ഇരുപത് വർഷത്തോളം മുസ്ലിം ലീഗ് അടക്കിവാണിരുന്ന വാണിമേൽ ഗ്രാമപഞ്ചായത്ത് ഭരണം എൽഡിഎഫ് പിടിച്ചെടുത്തതോടെ പാർട്ടിയിൽ വൻ പൊട്ടിത്തെറി. പരാജയത്തിന് കാരണം പ്രാദേശിക നേതാക്കളുടെ ഗ്രൂപ്പ് കളിയാണെന്ന് ആരോപിച്ച് ഒരു വിഭാഗം പ്രവർത്തകർ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ഓഫീസ് താഴിട്ട് പൂട്ടി. ഭൂമിവാതുക്കൽ ടൗണിൽ നൂറോളം പ്രവർത്തകർ പ്രകടനം നടത്തുകയും നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തുകയും ചെയ്തു. സംസ്ഥാനത്തുടനീളം യുഡിഎഫ് തരംഗം പ്രകടമായപ്പോഴും ലീഗിന്റെ ഉറച്ച കോട്ടയിൽ പരാജയമേൽക്കേണ്ടി വന്നത് അണികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി.
പഞ്ചായത്തിലെ 18 വാർഡുകളിൽ ഒമ്പതിടത്തും എൽഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചപ്പോൾ യുഡിഎഫിന് എട്ട് സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എൽഡിഎഫ് പിന്തുണയുള്ള ഒരു സ്വതന്ത്ര സ്ഥാനാർത്ഥി കൂടി വിജയിച്ചതോടെ കേവല ഭൂരിപക്ഷത്തോടെ ഇടതുമുന്നണി അധികാരമുറപ്പിച്ചു. വാണിമേലിന്റെ ചരിത്രത്തിലാദ്യമായാണ് എൽഡിഎഫ് പിന്തുണയോടെ ഒരു മുസ്ലിം വനിത സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനിറങ്ങിയത്. 14-ാം വാർഡായ കോടിയൂറയിൽ ഇടതു സ്വതന്ത്രയായി മത്സരിച്ച എൻകെ. മുർഷിന വെറും ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ നേടിയ ചരിത്രവിജയമാണ് ലീഗിന്റെ ഭരണം തെറിപ്പിച്ചത്. മുർഷിനയ്ക്ക് 617 വോട്ടുകൾ ലഭിച്ചപ്പോൾ ലീഗ് സ്ഥാനാർത്ഥി റൈഹാനത്ത് കെ.പിക്ക് 616 വോട്ടുകളായിരുന്നു ലഭിച്ചത്.
ലീഗ് നേതാക്കൾക്കിടയിലുള്ള പടലപ്പിണക്കങ്ങളും വിഭാഗീയതയുമാണ് ഈ ഒരു വോട്ടിന്റെ തോൽവിക്ക് പിന്നിലെന്നും, അത് പഞ്ചായത്ത് ഭരണം മൊത്തത്തിൽ നഷ്ടപ്പെടാൻ ഇടയാക്കിയെന്നുമാണ് പ്രവർത്തകരുടെ പ്രധാന ആരോപണം. ഇരുപത് വർഷത്തിന് ശേഷം ഭരണം കൈവിട്ടുപോയത് ഗൗരവകരമായി കാണണമെന്നും ഉത്തരവാദികളായ നേതാക്കൾക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് ഓഫീസ് പൂട്ടുന്നതുൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് പ്രവർത്തകർ നീങ്ങിയത്. വരും ദിവസങ്ങളിൽ വിഷയത്തിൽ മുസ്ലിം ലീഗ് ജില്ലാ-സംസ്ഥാന നേതൃത്വങ്ങളുടെ ഇടപെടൽ ഉണ്ടായേക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam