ചിന്നക്കനാല്‍ പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയം നല്‍കി

By Web TeamFirst Published Nov 30, 2021, 9:06 PM IST
Highlights

ചിന്നക്കനാല്‍ പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് അവിശ്വാസപ്രമേയം നല്‍കി. ദേവികുളം ബിഡിഒയ്ക്ക് മുമ്പാകെയാണ് എല്‍ഡിഎഫ് അംഗങ്ങള്‍ അവിശ്വാസ പ്രമേയം നല്‍കിയത്

ചിന്നക്കനാൽ: ചിന്നക്കനാല്‍ പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് അവിശ്വാസപ്രമേയം നല്‍കി. ദേവികുളം ബിഡിഒയ്ക്ക് മുമ്പാകെയാണ് എല്‍ഡിഎഫ് അംഗങ്ങള്‍ അവിശ്വാസ പ്രമേയം നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റ് സിനി വൈസ് പ്രസിഡന്റ് വള്ളിയമ്മാള്‍ എന്നിവര്‍ക്കെതിരെയാണ് പ്രമേയം. പതിനൊന്ന് മാസമായി ചിന്നക്കനാല്‍ പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ സാധാരമക്കാര്‍ക്കായി നടപ്പിലാക്കിയ ലൈഫ് പദ്ധതി അട്ടിമറിക്കുകയും സ്വജനപക്ഷപാതത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യുകയാണെന്ന് കാണിച്ചാണ് എല്‍ഡിഎഫ് അംഗങ്ങള്‍ അവിശ്വാസ പ്രമേയം നല്‍കിയത്. 

കൊവിഡ് കാലത്ത് കാര്യക്ഷമമായ പ്രവര്‍ത്തനങ്ങൾ  നടത്താന്‍ പ്രസിഡന്റ് തയ്യറായില്ലെന്നുള്ളതാണ് സിനിക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തിന് കാരണം.. വൈസ് പ്രസിഡന്റ് വള്ളിയമ്മാള്‍ക്കെതിരെയും ഇത്തരം ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് എല്‍ഡിഎഫ് അംഗങ്ങള്‍ ദേവികുളം ബിഡിഒയ്ക്ക് മുമ്പാകെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്.

പ്രസിഡന്റിനെതിരെ എപി അശോകനും വൈസ് പ്രസിഡന്റിനെതിരെ ശ്രീദേവി അന്‍പുരാജുമാണ് പ്രമേയ നോട്ടീസ് നല്‍കിയത്.എല്‍ഡിഎഫ് അംഗങ്ങള്‍ അവിശ്വാസ പ്രമേയം നല്‍കിയിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ക്കായി തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്നും ബിഡിഒ അനില്‍കുമാര്‍ പറഞ്ഞു. 

തെരഞ്ഞെടുപ്പിന് ശേഷം എല്‍ഡിഎഫിനാണ് ഭൂരിപക്ഷം ലഭിച്ചതെങ്കിലും പാര്‍ട്ടിയുടെ സഹകരണത്തോടെ വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി വോട്ടെടുപ്പില്‍ പങ്കെടുത്തിരുന്നില്ല. ഇതോടെ നറുക്കെടുപ്പിലൂടെ യുഡിഎഫ് ഭരണം പിടിക്കുകയായിരുന്നു. എല്‍ഡിഎഫിന് ഏഴും യുഡിഎഫിന് ആറും സീറ്റുകളായിരിരുന്നു ലഭിച്ചത്.

click me!