ബിജെപിക്കെതിരെ നിലപാടെടുത്ത് യുഡിഎഫ്; അവിണിശ്ശേരി പഞ്ചായത്തിന്‍റെ ഭരണം പിടിച്ചെടുത്ത് എൽഡിഎഫ്

By Web TeamFirst Published Feb 17, 2021, 2:18 PM IST
Highlights

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽ ഡി എഫ്, യുഡിഎഫിന് വോട്ട് ചെയ്തിരുന്നു. എന്നാൽ കോൺഗ്രസ്‌  പിന്തുണ വേണ്ടെന്ന് പ്രഖ്യാപിച്ച് എല്‍ഡിഎഫിൻറെ പ്രസിഡൻറും വൈസ് പ്രസിഡൻറും രാജിവെച്ചതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 

അവിണിശ്ശേരി: ബിജെപി ഭരിച്ചിരുന്ന തൃശൂർ അവിണിശ്ശേരി പഞ്ചായത്തിന്റെ ഭരണം പിടിച്ചെടുത്ത് എൽഡിഎഫ്. ബിജെപി ഭരണത്തിലെത്തുന്നത് ഒഴിവാക്കാൻ കോൺഗ്രസ്സ് ഇടതുപക്ഷത്തെ പിന്തുണയ്ക്കുകയായിരുന്നു. എൽ ഡി എഫ്, യുഡിഎഫ് കൂട്ട് കെട്ടിനെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി.

അവിണിശ്ശേരി പഞ്ചായത്തിൽ ആകെ ഉള്ള 14 സീറ്റുകളിൽ ബിജെപി 6 എൽഡിഎഫ്  5  യുഡിഎഫ് 3 എന്നിങ്ങനെയാണ് കക്ഷി നില. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽ ഡി എഫ്, യുഡിഎഫിന് വോട്ട് ചെയ്തിരുന്നു. എന്നാൽ കോൺഗ്രസ്‌  പിന്തുണ വേണ്ടെന്ന് പ്രഖ്യാപിച്ച് എല്‍ഡിഎഫിൻറെ പ്രസിഡൻറും വൈസ് പ്രസിഡൻറും രാജിവെച്ചതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

എന്നാൽ ഇന്ന് നടന്ന തെരഞ്ഞെടുപ്പിലും യുഡിഎഫ് പിന്തുണച്ചതോടെ   എല്‍ഡിഎഫിൻറെ എ ആര്‍ രാജു പ്രസിഡൻറ് സ്ഥാനത്തെത്തി. ജനവിധിയെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് ബിജെപി വിമർശിച്ചു. സുസ്ഥിരമായ പഞ്ചായത്ത്‌ ഭരണത്തിനാണ് എല്‍ഡിഎഫിനെ പിന്തുണച്ചതെന്നാണ് യുഡിഎഫിൻറെ നിലപാട്. കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎം ഭരണം തുടരുമോയെന്നത് വ്യക്തമല്ല. എന്തായാലും  ബിജെപിയെ ഒഴിവാക്കിയുളള അവിണിശ്ശേരി മോ‍ഡല്‍ ഭരണം വരുന്ന  നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ഉൾപ്പടെ സജീവമാക്കാനാണ് എൻഡിഎയുടെ തീരുമാനം.
 

click me!