ലീഗിന് പിന്തുണയുമായി ബിജെപിയും കോണ്‍ഗ്രസും; എല്‍ഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായി

By Web TeamFirst Published Jan 17, 2019, 10:44 PM IST
Highlights

പഞ്ചായത്ത് പ്രസിഡന്റിനെതിരെ കോണ്‍ഗ്രസ്, മുസ്ലീംലീഗ്, ബിജെപി അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചതോടെയാണ് മൂന്നുവര്‍ഷത്തിലധികമായി തുടരുന്ന ഭരണം എല്‍ഡിഎഫിന് നഷ്ടമായത്. 

കല്‍പ്പറ്റ: മുസ്ലീംലീഗ്, കോണ്‍ഗ്രസ്, ബിജെപി അംഗങ്ങള്‍ ഒന്നിച്ചതോടെ എല്‍ഡിഎഫിന് വയനാട്ടിലെ തരിയോട് പഞ്ചായത്ത് ഭരണം നഷ്ടമായി. പഞ്ചായത്ത് പ്രസിഡന്റിനെതിരെ കോണ്‍ഗ്രസ്, മുസ്ലീംലീഗ്, ബിജെപി അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചതോടെയാണ് മൂന്നുവര്‍ഷത്തിലധികമായി തുടരുന്ന ഭരണം എല്‍ഡിഎഫിന് നഷ്ടമായത്. വോട്ടെടുപ്പില്‍ പങ്കെടുത്ത എട്ടുപേരില്‍ ഏഴുപേര്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. ബിജെപിയിലെ ഒരംഗത്തിന്റെ വോട്ട് അസാധുവായി. 

എല്‍ഡിഎഫ് അംഗങ്ങളാകട്ടെ ചര്‍ച്ചയില്‍ നിന്നും വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. എല്‍ഡിഎഫ്-അഞ്ച്, കോണ്‍ഗ്രസ്-നാല്, മുസ്ലീംലീഗ്-രണ്ട്, ബിജെപി -രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. പ്രസിഡന്റായിരുന്ന സിപിഎമ്മിലെ റീനാ സുനിലിനെതിരെയുള്ള അവിശ്വാസം വിജയിച്ചതോടെ വൈസ് പ്രസിഡന്റ് കെവി ചന്ദ്രശേഖരനും രാജിവെച്ചു. സിപിഐ സ്വതന്ത്രനായാണ് ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ആറ് സീറ്റ് നേടിയെങ്കിലും സ്ഥാനം പങ്കുവെക്കലിനെ ചൊല്ലിയുണ്ടായ തര്‍ക്കം കാരണം ഭരണം ഏറ്റെടുക്കാന്‍ കഴിയാതായി. 

യുഡിഎഫ് ജില്ലാ നേതൃത്വവും സംസ്ഥാന നേതാക്കളും ഇടപ്പെട്ടിട്ടും തര്‍ക്കം തീര്‍ക്കാന്‍ കഴിയാതിരുന്നതോടെ ഒടുവില്‍ മുസ്ലീംലീഗ് എല്‍ഡിഎഫിന് പിന്തുണ നല്‍കുകയും റീനാ സുനില്‍ പ്രസിഡന്റാവുകയുമായിരുന്നു. മുമ്പും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഏഴ് അംഗങ്ങള്‍ ചര്‍ച്ചക്ക് എത്താത്തതിനെ തുടര്‍ന്ന് ചര്‍ച്ചയും വോട്ടെടുപ്പും നടന്നില്ല. എന്നാല്‍ ഇത്തവണ അവിശ്വാസ പ്രമേയത്തില്‍ ബി.ജെ.പി അംഗം കൂടി ഒപ്പുവെച്ചതോടെ എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെടുമെന്ന് ഉറപ്പായിരുന്നു. 13 അംഗ ഭരണസമിതിയില്‍ ഭൂരിപക്ഷമില്ലാതിരുന്നിട്ടും ലീഗിന്റെ പിന്തുണയോടെ എല്‍ഡിഎഫ് അധികാരത്തിലെത്തിയത് ചര്‍ച്ചാവിഷയമായിരുന്നു.

click me!