പെരിന്തൽമണ്ണയിലെ മുസ്ലീം ലീഗ് ഓഫീസിന് നേരെ നടന്ന കല്ലേറിൽ പ്രതിഷേധിച്ച് നിയോജക മണ്ഡലത്തിൽ മുസ്ലിം ലീഗ് ഹർത്താലിന് ആഹ്വാനം ചെയ്തു. സിപിഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ലീഗ് നേതാക്കൾ ആരോപിച്ചു.

മലപ്പുറം: മുസ്ലീം ലീഗ് ഓഫീസിനു നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലാണ് മുസ്ലിം ലീഗ് ഹർത്താലിന് ആഹ്വാനം ചെയ്‌തത്. രാവിലെ 6 മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ. പെരിന്തൽമണ്ണ മുസ്ലീം ലീഗ് ഓഫീസിനു നേരെ കല്ലേറുണ്ടായതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. 

സി.പി.എം പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്ന് മുസ്ലീം ലീഗ് ആരോപിച്ചിരുന്നു. നജീബ് കാന്തപുരം എം.എൽ.എയുടെ നേതൃത്വത്തിൽ മുസ്ലീം ലീഗ് പ്രവർത്തകർ പെരിന്തൽമണ്ണയിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. ഇന്ന് വൈകിട്ട് പെരിന്തൽമണ്ണയിൽ സിപിഎം ഓഫീസിന് നേരെ കല്ലേറുണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തർ നടത്തിയ പ്രകടനത്തിനിടെയാണ് മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറുണ്ടായത്. പിന്നാലെ പ്രതിഷേധവുമായി റോഡിലിറങ്ങിയ മുസ്ലിം ലീഗ് പ്രവർത്തകർ രാത്രി പിരിഞ്ഞപോയെങ്കിലും ഹർത്താലിന് ആഹ്വാനം ചെയ്യുകയായിരുന്നു.