ലീ​ഗ് നേതാക്കളെ വിജിലൻസ് കേസുകളിൽ കുടുക്കുന്നു, മോദി മോഡൽ പ്രതികാര നടപടി- എം കെ മുനീർ

By Web TeamFirst Published Sep 27, 2022, 11:03 AM IST
Highlights

അന്വേഷണത്തിൽ ഭയപ്പെടുന്നില്ല . എന്നാൽ അന്വേഷണങ്ങളിൽ സുതാര്യത വേണമെന്നും എം കെ മുനീർ പറഞ്ഞു

കണ്ണൂർ :  മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുൽ റഹ്മാൻ കല്ലായിക്ക് എതിരായ നടപടി പ്രതികാര നടപടിയെന്ന് എം കെ മുനീർ. മോദി രീതിയിൽ ഉള്ള പ്രതികാര നടപടികളാണ് കേരളത്തിലും നടക്കുന്നത്. ലീഗ് നേതാക്കളെ വിജിലൻസ് കേസുകളിൽ കുടുക്കുകയാണ്. അന്വേഷണത്തിൽ ഭയപ്പെടുന്നില്ല. എന്നാൽ, അന്വേഷണങ്ങളിൽ സുതാര്യത വേണമെന്നും എം കെ മുനീർ പറഞ്ഞു

മട്ടന്നൂർ ജുമാ മസ്ജിദ് നിർമ്മാണത്തിൽ അഴിമതിയെന്ന പരാതിയിൽ ആണ്  അബ്ദുൽ റഹ്മാൻ കല്ലായിയെ പ്രതി ചേർത്തത്. പ്രതി ചേർക്കപ്പെട്ടവരെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുല്‍ റഹ്മാൻ കല്ലായി, കോൺഗ്രസ് നേതാവ് എം സി കുഞ്ഞമ്മദ്, യു മഹ്റൂഫ് എന്നിവരെയാണ് ചോദ്യം ചെയ്തത് . മുൻകൂർ ജാമ്യ വ്യവസ്ഥ അനുസരിച്ചാണ് ഇവർ ഹാജരായത്. മട്ടന്നൂർ ടൗൺ ജുമുഅ മസ്ജിദിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുണ്ടായെന്ന പരാതിയിലാണ് പള്ളി കമ്മിറ്റി ഭാരവാഹികൾക്കെതിരെ മട്ടന്നൂർ പൊലീസ് കേസെടുത്തത്. വഖഫ്‌ ബോർഡിന്‍റെ അനുമതിയില്ലാതെ നടത്തിയ നിർമാണപ്രവൃത്തിയിൽ കോടികളുടെ വെട്ടിപ്പ്‌ നടന്നതായാണ്‌ പരാതി.

മൂന്ന് കോടി ചെലവായ നിർമ്മാണത്തിന് പത്ത് കോടി രൂപയോളമാണ് കണക്കിൽ കാണിച്ചതെന്ന് പരാതിയിൽ പറയുന്നു. കണക്കിൽ കാണിച്ച തുകയ്ക്ക് ബില്ലുകളോ വൗച്ചറുകളോ ഇല്ല. കെട്ടിടങ്ങൾ വാടകയ്ക്ക് നൽകിയതിലും വെട്ടിപ്പ് നടന്നുവെന്ന് ആരോപണമുണ്ട്. ജമാഅത്ത് കമ്മറ്റി ജനറൽ ബോഡി അംഗം മട്ടന്നൂർ നിടുവോട്ടുംകുന്നിലെ എം പി ശമീറിന്‍റെ പരാതിയിലാണ് മട്ടന്നൂർ മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്‍റും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുള്‍ റഹ്മാൻ കല്ലായി, നിലവിലെ മഹല്ല് കമ്മിറ്റി പ്രസിഡന്റ് എം സി കുഞ്ഞമ്മദ്, മഹല്ല് കമ്മിറ്റി സെക്രട്ടറി യു മഹറൂഫ് എന്നിവരുടെ പേരിൽ കേസെടുത്തത്. 

'മുസ്ലിം ലീഗിൽ പൊട്ടിത്തെറി ഉണ്ടാകില്ല. കെഎം ഷാജി കാര്യമാത്രപ്രസക്തമായി സംസാരിക്കുന്നയാൾ' എം കെ മുനീര്‍

click me!