കടപൊളിച്ചിട്ടും നഷ്ടപരിഹാരമില്ല; ഇടതുപക്ഷ വ്യാപാരി സംഘടന കിടപ്പു സമരത്തിന്

By Web TeamFirst Published Feb 13, 2021, 5:19 PM IST
Highlights

നഷ്ടപരിഹാരം നല്‍കാതെ റോഡ് വികസനം മാത്രം മതിയെന്ന നിലപാടാണ് അധികൃതര്‍ കൈക്കൊള്ളുന്നതെന്നും ഇത് അംഗീകരിക്കില്ലെന്നുമാണ് വ്യാപാരികളുടെ നിലപാട്.
 

കോഴിക്കോട്: ദേശീയപാത നഷ്ടപരിഹാര പാക്കേജ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ വ്യാപാരി സംഘടന വ്യാപാരി-വ്യവസായി സമിതി കിടപ്പ് സമരം നടത്തുന്നു. മൂരാട്-പാലോളി പാലം ഭാഗത്ത് കടകള്‍ പൊളിച്ച് റോഡ് നിര്‍മ്മാണം ആരംഭിച്ചിട്ടും ഒഴിപ്പിച്ച വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം ഇതുവരെ നല്‍കിയിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് ഫിബ്രവരി 17 മുതലാണ് കിടപ്പു സമരം ആരംഭിക്കുന്നത്. പാലോളി പാലത്ത് റോഡ് നിര്‍മ്മാണം നടക്കുന്ന മുമ്പ് കടകള്‍ ഉണ്ടായിരുന്ന ഭൂമിയിലാണ് സമരം തുടങ്ങുന്നത്. ഇരകളായ വ്യാപാരികളും കുടുംബങ്ങളുമാണ് കിടപ്പുസമരത്തില്‍ പങ്കെടുക്കുക. വ്യാപാരി വ്യവസായി സമിതി ജില്ലാ നേതൃയോഗമാണ് സമരം തീരുമാനിച്ചത്. 

എംഎസ് നമ്പര്‍ 448/2017   ഗവണ്‍മെന്റ്  ഉത്തരവ് പ്രകാരം പാക്കേജ് നടപ്പാക്കാനുള്ള ബാധ്യത സര്‍ക്കാരിനാണ്.  ഇക്കാര്യത്തില്‍ അനുകൂലമായ ഹൈക്കോടതി വിധിയും വ്യാപാരി വ്യവസായി സമിതി നേടിയിരുന്നു. നഷ്ടപരിഹാരം നല്‍കാതെ റോഡ് വികസനം മാത്രം മതിയെന്ന നിലപാടാണ് അധികൃതര്‍ കൈക്കൊള്ളുന്നതെന്നും ഇത് അംഗീകരിക്കില്ലെന്നുമാണ് വ്യാപാരികളുടെ നിലപാട്. വ്യാപാരികള്‍ വികസന പദ്ധതിയോട് സഹകരിച്ചാണ് കടകള്‍ വിട്ടു കൊടുത്തതെന്നും അതുകൊണ്ടു തന്നെ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടതൊഴിലാളികളെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ ഗഫൂര്‍ പറഞ്ഞു.  

കെട്ടിട ഉടമകള്‍ക്ക് മാന്യമായ നഷ്ടപരിഹാരം നല്‍കി. എന്നാല്‍  തൊഴില്‍ നഷ്ടപ്പെട്ട് വ്യാപാരികള്‍ വഴിയാധാരമായിരിക്കുകയാണെന്നും അവരോട് നീതീ കാണിക്കാത്തതിനെതിരെയാണ് കിടപ്പു സമരം ആരംഭിക്കുന്നതെന്ന് ഗഫൂര്‍ പറഞ്ഞു.  യോഗത്തില്‍ സംസ്ഥാന ജോ. സെക്രട്ടറി സി കെ വിജയന്‍, ജില്ലാ സെക്രട്ടറി ടി മരക്കാര്‍, ഡി എം ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
 

click me!