ലെനിന്‍ രാജേന്ദ്രന് ആദരമൊരുക്കി തലസ്ഥാനത്ത് പുതിയ തിയേറ്റർ; 'ലെനിൻ സിനിമാസ്' വെള്ളിയാഴ്ച മുതൽ പ്രദർശനം തുടങ്ങും

By Web TeamFirst Published Feb 27, 2019, 5:53 PM IST
Highlights

വെള്ളിയാഴ്ച മുതലാണ് 'ലെനിൻ സിനിമാസിൽ' ദിവസേനയുള്ള പ്രദർശനം തുടങ്ങുക. 4കെ ത്രീഡി ദൃശ്യമികവ്, ഡോൾബി അറ്റ്മോസ് ശബ്ദവിന്യാസം, സിൽവർ സ്ക്രീൻ തുടങ്ങി തലസ്ഥാനത്തെ സിനിമാ പ്രേമികൾക്ക് മികച്ച ചലച്ചിത്രാനുഭവം നൽകാനുള്ള എല്ലാ സംവിധാനങ്ങളും 'ലെനിൻ സിനിമാസി'ൽ തയ്യാറാക്കിയിട്ടുണ്ട്.  

തിരുവനന്തപുരം: അന്തരിച്ച  പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന് ആദരമൊരുക്കി തലസ്ഥാനത്ത് പുതിയ തിയേറ്റർ ഒരുങ്ങി‍. 'ലെനിന്‍ സിനിമാസ്' എന്ന് പേരിട്ടിരിക്കുന്ന തിയേറ്റർ അത്യാധുനിക സംവിധാനങ്ങളോടെയാണ്  കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. 

ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ 'ലെനിൻ സിനിമാസ്' ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച മുതൽ 'ലെനിൻ സിനിമാസിൽ' ദിവസേനയുള്ള പ്രദർശനം തുടങ്ങും. 4കെ ത്രീഡി ദൃശ്യമികവ്, ഡോൾബി അറ്റ്മോസ് ശബ്ദവിന്യാസം, സിൽവർ സ്ക്രീൻ തുടങ്ങി തലസ്ഥാനത്തെ സിനിമാ പ്രേമികൾക്ക് മികച്ച ചലച്ചിത്രാനുഭവം നൽകാനുള്ള എല്ലാ സംവിധാനങ്ങളും 'ലെനിൻ സിനിമാസി'ൽ തയ്യാറാക്കിയിട്ടുണ്ട്.  

കെഎഫ്ഡിസിയുടെ കേരളത്തിലെ 17 തിയേറ്ററുകളിൽ ഏറ്റവും മികച്ചതാണ് തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിലെ മൂന്നാം നിലയിൽ ഉദ്ഘാടനം ചെയ്തത്. റെയിൽവേ സ്റ്റേഷനിലും ബസ്‍സ്റ്റാൻഡിലും എത്തുന്ന യാത്രക്കാരെ ലക്ഷ്യം വച്ചാണ് കെഎഫ്ഡിസി പുതിയ തിയേറ്റർ പണിതത്.

150 സീറ്റുകളാണ് തിയേറ്ററിലുള്ളത്. സോഫാ സീറ്റുകൾക്ക് 170 രൂപയും സാധാരണ സീറ്റുകള്‍ക്ക് 150 രൂപയുമാണ് ചാര്‍ജ്. സിനിമ കാണാൻ എത്തുന്നവർക്ക് ബസ് ടെർമിനലിലെ പാർക്കിംഗ് സ്ഥലത്ത് 10 രൂപ നിരക്കിൽ വാഹനം പാർക്ക് ചെയ്യാം. ഓൺലൈൻ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 

click me!