പാലക്കാട് വീണ്ടും പുലിയിറങ്ങി, വീട്ടിൽ കയറി ആടിനെ ആക്രമിച്ചു; വീട്ടുകാർ ബഹളം വെച്ചതോടെ പുലി ഓടി, പക്ഷേ...

By Web TeamFirst Published Feb 7, 2023, 6:48 PM IST
Highlights

ഹരിദാസന്‍റെ വീട്ടിൽ നിന്ന് ഓടിപ്പോയ പുലി പ്രദേശത്ത് തന്നെ കാണുമെന്നും ഇനിയും ആക്രമണമുണ്ടായേക്കുമെന്ന ഭയത്തിലാണ് നാട്ടുകാർ

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് തത്തേങ്ങലത്ത് വീണ്ടും പുലയിറങ്ങിയതായി നാട്ടുകാരുടെ പരാതി. മൂച്ചിക്കുന്ന് സ്വദേശി ഹരിദാസന്‍റെ വീട്ടിലാണ് പുലിയുടെ ആക്രമണം ഉണ്ടായത്. ഈ വീട്ടിൽ കയറിയ പുലി പിൻവശത്ത് മേയാൻ വിട്ടിരുന്ന ആടിനെ ആക്രമിച്ചു. ഇന്ന് വൈകിട്ടായിരുന്നു സംഭവം. വീട്ടുകാർ ബഹളം വച്ചതോടെ പുലി ഓടിപ്പോകുകയായിരുന്നു. ഇതുകൊണ്ട് മാത്രമാണ് ആടിന്‍റെ ജീവൻ രക്ഷിക്കാനായതെന്നും പുലി ഓടിപ്പോകുന്നത് കണ്ടു എന്നും ഹരിദാസൻ പറഞ്ഞു. വീണ്ടും പുലിയിറങ്ങിയെന്ന വാ‍ർത്ത പ്രചരിച്ചതോടെ സമീപവാസികൾ ഭയത്തിലാണ് ജീവിക്കുന്നത്. ഹരിദാസന്‍റെ വീട്ടിൽ നിന്ന് ഓടിപ്പോയ പുലി പ്രദേശത്ത് തന്നെ കാണുമെന്നും ഇനിയും ആക്രമണമുണ്ടായേക്കുമെന്നും അവർ പറയുന്നു.

പ്രവാസിയുടെ ഡ്രൈവറായി എത്തി, ഭക്ഷണം കഴിക്കുന്നതിനിടെ പണവുമായി മുങ്ങി; മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയില്‍

എന്നാൽ പുലിയാണോ ആടിനെ ആക്രമിച്ചതെന്ന് ഉറപ്പാക്കാൻ പറ്റില്ലെന്നാണ് ആടിനെ ചികിത്സിച്ച ഡോക്ടർ പറയുന്നത്. കാലിന്‍റെ പിൻഭാഗത്ത് പുലിയുടെ കടിയേറ്റ ആടിനെ പരിശോധിച്ച വെറ്റിനറി ഡോക്ടറാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരിക്കേറ്റ ആടിന്‍റെ കാലിന് ആറ് സ്റ്റിച്ച് ഇട്ടിട്ടുണ്ട്. എന്നാൽ ഈ പരിക്ക് മാത്രം നോക്കി ആക്രമിച്ചത് പുലിയാണോ എന്ന് ഉറപ്പിക്കാൻ പറ്റില്ലെന്നാണ് വെറ്റിനറി ഡോക്ടർ പറയുന്നത്.

അതേസമയം കണ്ണൂരിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത കൊട്ടിയൂർ പാലുകാച്ചി മലയിൽ പശു കിടാവിനെ കൊന്നത് പുലിയാണെന്ന് സ്ഥിരീകരിച്ചു എന്നതാണ്. പശു കിടാവിനെ കൊന്നത് പുലിയാണെന്ന് സ്ഥിരീകരിച്ചതോടെ ഇതിനെ പിടികൂടണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. കൂടുവച്ച് പിടികൂടണമെന്നാണ് കൊട്ടിയൂർ പഞ്ചായത്ത് പ്രതിനിധികളുടെ ആവശ്യം. എന്നാൽ പാലുകാച്ചി മലയിൽ വനപ്രദേശത്ത് സ്ഥാപിച്ച ക്യാമറയിലാണ് പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞതെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നുമാണ് വനം വകുപ്പിന്റെ വിശദീകരണം. പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ ക്യാംപ് ചെയ്യുന്നുണ്ട്. വെള്ളിയാഴ്ച്ച രാത്രിയാണ് പാലുകാച്ചി മലയിൽ വനാതിർത്തിയിൽ പശു കിടാവിനെ പുലി കടിച്ചു കൊന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ , ഇരിട്ടി , മട്ടന്നുർ മുഴക്കുന്ന് ഭാഗങ്ങളിൽ പുലി ഇറങ്ങിയതോടെ ആശങ്കയിലാണ് നാട്ടുകാരുള്ളത്.

click me!