
തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചിൽ തിരയിൽപ്പെട്ട 16 കാരനെ രക്ഷിച്ചു. കൊല്ലം അഞ്ചാലുംമൂട് സ്വദേശിയായ അൻഷാദ് ആണ് തിരയിൽപ്പെട്ടത്. തിരയിൽപ്പെട്ട അൻഷാദിനെ പാപനാശം ബീച്ചിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ലൈഫ് ഗാർഡുകളാണ് രക്ഷപ്പെടുത്തിയത്. കുട്ടിയെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഓക്സിജൻ അളവ് കുറവായതിനാൽ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. ശ്വാസകോശത്തിൽ മണൽ കയറിയിട്ടുണ്ടോ എന്നുള്ള കാര്യത്തിലും ആശുപത്രി അധികൃതർ സംശയം പ്രകടിപ്പിച്ചു. കൊല്ലത്തു നിന്നും സുഹൃത്തുക്കളായ നാല് പ്ലസ് ടു വിദ്യാർത്ഥികൾ ആണ് വർക്കല പാപനാശം ബീച്ചിൽ ഇന്ന് വൈകുന്നേരം 3.30 ന് കുളിക്കാൻ എത്തിയത്. ഇവരിൽ ഒരാളാണ് അപകടത്തിൽപ്പെട്ടത്.
ക്ഷേത്രത്തിൽ താലപ്പൊലിയ്ക്ക് വന്നശേഷം കൈകഴുകാൻ പോയ വയോധിക കുളത്തിൽ വീണ് മരിച്ചു
അതിനിടെ ആലപ്പുഴയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ചേർത്തല ക്ഷേത്രക്കുളത്തിൽ വയോധിക മുങ്ങിമരിച്ചു എന്നതാണ്. മാരാരിക്കുളം വടക്ക് പഞ്ചായത്ത് അഞ്ചാം വാർഡിൽ കണിച്ചുകുളങ്ങര കൊച്ചുവെളിവീട്ടിൽ രഘുവരന്റെ ഭാര്യ സുധാമണി (80) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം താലപ്പൊലിയ്ക്കായി കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ എത്തിയിരുന്നു. കൈ കഴുകാനായി ക്ഷേത്ര കുളത്തിൽ എത്തിയപ്പോൾ കാൽവഴുതി വീഴുകയും താഴ്ചയിലേക്ക് പോവുകയുമായിരുന്നു. അപകട സമയത്ത് ആരും അടുത്ത് ഉണ്ടായിരുന്നില്ല. ക്ഷേത്രത്തിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് അപകടം സ്ഥിരീകരിച്ചത്. മാരാരിക്കുളം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. സുരേത, സുരിജ, സുവർണ്ണ, പരേതനായ സുരേഷ് എന്നിവരാണ് മരിച്ച സുധാമണിയുടെ മക്കൾ. മരുമക്കൾ - പൊന്നൻ, മായ, സ്വാമിനാഥൻ, ഉല്ലാസ്.
ഇടുക്കിയിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു; അപകടം അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ
അതേസമയം ഇടുക്കി അരുവികുത്ത് വെള്ളച്ചാട്ടത്തിൽ കഴിഞ്ഞ ദിവസം രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചിരുന്നു. മുട്ടം എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികളായ ഡോണൽ ഷാജി, അക്‌സാ റെജി എന്നിവരാണ് മരിച്ചത്. ഒന്നാം വർഷ വിദ്യാർത്ഥിയായ അക്സാ കൊല്ലം പത്തനാപുരം സ്വദേശിയാണ്. ഡോണൽ മൂന്നാം വർഷ വിദ്യാർത്ഥിയാണ്. വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങുന്നതിനിടെ ഒഴിക്കൽപ്പെട്ടതാണ് അപകടമായത്. തൊടുപുഴയിൽ നിന്ന് അഗ്നിശമനസേന എത്തിയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam