മാഹിയില്‍ നിന്ന് വയനാട്ടിലേക്ക് മിനി പിക് അപില്‍ കടത്തിയ 17 ലിറ്ററോളം മദ്യവുമായി ഡ്രൈവര്‍ പിടിയില്‍

By Web TeamFirst Published Dec 18, 2022, 2:34 PM IST
Highlights

ഓരോ ആഴ്ചയിലും മാഹിയിലേക്ക് ഡെലിവറി വാനുമായി പോകുന്ന പ്രതി വലിയ തോതിൽ മദ്യം കൊണ്ടു വന്ന് കല്‍പ്പറ്റ ഭാഗത്ത് വില്‍പ്പന നടത്തുകയാണ് ചെയ്യുന്നതെന്ന് അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.

കല്‍പ്പറ്റ: രാസ ലഹരിക്ക് പുറമെ വയനാട്ടില്‍ മാഹിയില്‍ നിന്നെത്തിക്കുന്ന മദ്യത്തിന്റെ വില്‍പ്പനയും പൊടിപൊടിക്കുന്നു. കഴിഞ്ഞ ദിവസം ഡെലിവറി മിനി പിക് അപ്പില്‍ കടത്താന്‍ ശ്രമിച്ച ലിറ്റര്‍ കണക്കിന് മാഹി മദ്യമാണ് എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടിച്ചെടുത്തത്. കല്‍പ്പറ്റ ചുഴലി സവിത നിവാസില്‍ ജി. ബാല സുബ്രമണ്യന്‍ (63) ആണ് 16.8 ലിറ്റര്‍ മദ്യം ചില്ലറവില്‍പ്പനക്കായി വയനാട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ അറസ്റ്റിലായത്.

ഇയാള്‍ മദ്യം കടത്താന്‍ ഉപയോഗിച്ച മിനി പിക് അപ് വാനും എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഏഴരയോടെ പുലിയാര്‍മല ഭാഗത്ത് പരിശോധന നടത്തുന്നതിനിടെയാണ് ബാല സുബ്രമണ്യന്‍ ഇതുവഴി വാഹനവുമായി എത്തിയത്. ഈ വിവരം നേരത്തെ തന്നെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌കോഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ആര്‍. ഹരിനന്ദനന്‍, വയനാട് സൈബര്‍ സെല്ലിലെ പ്രിവന്റീവ് ഓഫീസര്‍ പി.എസ്. വിനീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി. രഘു, എം. സുരേഷ്, വി.ബി. നിഷാദ് എന്നിവര്‍ പങ്കെടുത്തു. 

പ്രതിയെ റിമാന്റ് ചെയ്തു. തൊണ്ടിമുതലുകളും വാഹനവും  കല്‍പ്പറ്റ റെയിഞ്ച് ഓഫീസിലേക്ക് മാറ്റി. ഓരോ ആഴ്ചയിലും മാഹിയിലേക്ക് ഡെലിവറി വാനുമായി പോകുന്ന പ്രതി വലിയ തോതിൽ മദ്യം കൊണ്ടു വന്ന് കല്‍പ്പറ്റ ഭാഗത്ത് വില്‍പ്പന നടത്തുകയാണ് ചെയ്യുന്നതെന്ന് അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. എക്‌സൈസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതി ഉള്‍പ്പടെ മൂന്നുപേര്‍ പിടിയില്‍


 

click me!