
സുല്‍ത്താന്‍ബത്തേരി: നഗരസഭ ശുചീകരണത്തില്‍ സംസ്ഥാനത്തിന് തന്നെ മികച്ച മാതൃകയൊരുക്കിയ നഗരസഭയാണ് ബത്തേരി. നഗരത്തിലെത്തുന്നവര്‍ പൊതുസ്ഥലത്ത് തുപ്പിയാല്‍ പിഴ നല്‍കേണ്ടിവരുന്ന കേരളത്തിലെ ഏക നഗരമാണിത്. ഇപ്പോഴിതാ മറ്റൊരു പ്രധാനപ്പെട്ട തീരുമാനമെടുത്താണ് നഗരസഭ വാര്‍ത്തകളില്‍ നിറയുന്നത്. നഗരത്തില്‍ ഇനി മുതല്‍ മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടിയാല്‍ ഇവരില്‍ നിന്ന് കനത്ത പിഴ വാങ്ങാനാണ് തീരുമാനം.
പൊതുസ്ഥലങ്ങളില്‍ തോന്നിയ പോലെ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ 25,000 രൂപ വരെയാണ് പിഴ ഈടാക്കുക. തള്ളിയ മാലിന്യത്തിന്റെ തരം, തോത് തുടങ്ങിയവ അനുസരിച്ച് പിഴയില്‍ ഏറ്റക്കുറച്ചില്‍ വരാം. എങ്കിലും മറ്റുള്ളയിടങ്ങളിലേത് പോലെ താക്കീതോ ചില്ലറ തുകയോ വാങ്ങി നിയമലംഘകരെ വിടുന്ന പരിപാടി ബത്തേരിയില്‍ ഇനിമുതല്‍ ഉണ്ടാകില്ല. നഗരസഭയയുടെ വിവിധ സ്ഥലങ്ങളില്‍ ക്ലീന്‍ സിറ്റി മാനേജരുടെ നേതൃത്വത്തില്‍ നിയമലംഘകരെ കണ്ടെത്തുന്നതിനായി പരിശോധന നടത്തും.
വൃത്തിയാക്കിയ റോഡരികില്‍ ശുചിത്വ സന്ദേശ ബോര്‍ഡുകള്‍, സി സി ടി വി എന്നിവ സ്ഥാപിക്കുമെന്നും നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് അറിയിച്ചു. 2020-ല്‍ ശുചിത്വവുമായി ബന്ധപ്പെട്ട് എടുത്ത മറ്റൊരു തീരുമാനത്തിന്റെ പേരിലാണ് ബത്തേരി നഗരസഭ വാര്‍ത്തകളില്‍ നിറഞ്ഞത്. നഗരത്തില്‍ പൊതുയിടങ്ങളില്‍ തുപ്പിയാല്‍ 500 രൂപ പിഴയീടാക്കുമെന്നതായിരുന്നു തീരുമാനം. കേരള മുനിസിപ്പല്‍ ആക്ട് 341 പ്രകാരം പിഴ ഈടാക്കാന്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമെടുത്തത്. റോഡരികിലോ മറ്റു പൊതുയിടങ്ങളിലോ മലമൂത്ര വിസര്‍ജനം ചെയ്താലും 500 രൂപ പിഴയൊടുക്കേണ്ടി വരും.
കാര്‍ക്കിച്ചു തുപ്പുക, മുറുക്കിത്തുപ്പുക എന്നതിന് പുറമെ പൊതുസ്ഥലങ്ങളില്‍ മുഖവും വായും കഴുകുന്നതും പിഴയുടെ പരിധിയിലാണ്. കൗണ്‍സില്‍ തീരുമാനങ്ങള്‍ക്ക് ശേഷം മുറുക്കിത്തുപ്പി വൃത്തിക്കേടായ സ്ഥലങ്ങള്‍ നഗരസഭയുടെ ക്ലീനിങ് ജോലിക്കാരെത്തി കഴുകി വൃത്തിയാക്കിയിരുന്നു. മുറുക്കാന്‍ വില്‍ക്കുന്ന കടകള്‍ക്ക് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ നോട്ടീസ് നല്‍കിയിരുന്നു. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് നഗരത്തില്‍ കൂടുതലും മുറുക്കാന്‍ തട്ടുകള്‍ സ്ഥാപിച്ചിട്ടുള്ളത് എന്നതിനാല്‍ അവരുടെ ഭാഷയില്‍ തന്നെ ഉദ്യോഗസസ്ഥര്‍ കാര്യങ്ങള്‍ ബോധിപ്പിച്ചിരുന്നു.
പൊതു സ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന വലിച്ചെറിയല്‍ മുക്ത ക്യാമ്പയിനോടനുബന്ധിച്ച് ബത്തേരി നഗരസഭയിലെ വിവിധ സ്ഥലങ്ങള്‍ വൃത്തിയാക്കി. കൊളഗപ്പാറ മുതല്‍ ദൊട്ടപ്പന്‍കുളം വരെയും, ചുങ്കം മുതല്‍ തൊടുവെട്ടി വരെയും ബീനച്ചി മുതല്‍ മന്ദംകൊല്ലി വരെയും പ്ലാസ്റ്റിക് മാലിന്യം അടക്കമുള്ളവ വൃത്തിയാക്കി. കെഎസ്.ആര്‍ടിസി സ്റ്റാന്റ് ഭാഗത്ത് റോഡിന് ഇരുവശത്തുമുള്ള കാടുകള്‍ വെട്ടിമാറ്റി ഇവിടെയുള്ള മാലിന്യങ്ങളും നീക്കി.
Read more: മലപ്പുറത്ത് മാങ്ങ പറിച്ച കുട്ടികളെ മർദ്ദിച്ചു, ഷർട്ട് ഊരിവാങ്ങി, ആശുപത്രിയിലായി, പൊലീസ് കേസെടുത്തു
അതേ സമയം പൊന്തക്കാടുകള്‍ വെട്ടിമാറ്റിയതോടെ മാലിന്യം റോഡരികില്‍ തള്ളുന്നതിന്റെ രൂക്ഷത നഗരസഭക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. പ്ലാസ്റ്റിക് കവറുകളില്‍ കെട്ടി കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ രീതിയില്‍ നൂറുകണക്കിന് കിലോ ജൈവേതര മാലിന്യ കവറുകളാണ് കണ്ടെത്തിയത്. തൊഴിലുറപ്പ് തൊഴിലാളികളെയും മറ്റും വെച്ച് ഇവ വരും ദിവസങ്ങളില്‍ വൃത്തിയാക്കി ബോര്‍ഡ് സ്ഥാപിക്കാനാണ് തീരുമാനം. തുടര്‍ന്നും പാത്തക്കരികിലും മറ്റു പൊതുസ്ഥലങ്ങളിലും മാലിന്യം തള്ളുന്നവര്‍ക്കായിരിക്കും 25000 വരെയുള്ള പിഴ ശിക്ഷ നടപ്പാക്കുക.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam