
തിരുവനന്തപുരം: മരച്ചില്ലയിൽ തൂങ്ങിക്കിടന്ന നീർക്കാക്കയ്ക്ക് രക്ഷകരായി ഫയർഫോഴ്സ്. ആറ്റിങ്ങൽ അവനവൻചേരി പണ്ടാരകുളത്തിന് സമീപമുള്ള 30 അടിയോളം ഉയരമുള്ള റബ്ബർ മരത്തിലാണ് നീർകാക്ക കുടുങ്ങിയത്. ചുണ്ടിൽ മീൻപിടുത്തത്തിനുപയോഗിക്കുന്ന ചൂണ്ടകുരുങ്ങിയ നിലയിലായിരുന്നു. പറന്ന് മരത്തിലിരുന്നപ്പോൾ ചൂണ്ടയുമായി ബന്ധിപ്പിച്ചിരുന്ന നൂൽമരച്ചില്ലയിൽ കുടുങ്ങിയതോടെ അനങ്ങാനാകാത്ത അവസ്ഥയിലായി തൂങ്ങി കിടന്നിരുന്ന നീർക്കാക്കയെ ആറ്റിങ്ങൽ യൂണിറ്റിൽ നിന്നും അഗ്നിശമന സേന ഗ്രേഡ് അസി: സ്റ്റേഷൻഓഫീസർ സി.ആർ.ചന്ദ്രമോഹന്‍റെ നേതൃത്വത്തിൽ ഫയർഓഫീസർമാരെത്തിയാണ് രക്ഷിച്ചത്
. മീൻ പിടിക്കാൻ ശ്രമിക്കുന്നതിനിടെ ചുണ്ടിൽ ചൂണ്ട കുരുങ്ങിയതാകാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഏണി ഉപയോഗിച്ച് മരത്തിൽ കയറിയ ഉദ്യോഗസ്ഥർ കൊമ്പടക്കം ഒടിച്ചാണ് കിളിയെ താഴെയെത്തിച്ചത്. ചുണ്ടിൽ കുരുങ്ങിയ ചൂണ്ട എടുത്ത് മാറ്റി ചുണ്ടിലേയും കഴുത്തിലേയും മുറിവിൽ മരുന്ന് പുരട്ടി ഇതിനെ തുറന്നുവിടുകയായിരുന്നു.