
പയ്യന്നൂർ: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേറിട്ടൊരു മുഖം നൽകി കാനായിലെ കൊച്ചുകലാകാരന്മാർ. പയ്യന്നൂർ നഗരസഭയിലെ 11-ാം വാർഡ് സ്ഥാനാർത്ഥിയും കർഷക സംഘം പയ്യന്നൂർ ഏരിയാ കമ്മിറ്റി അംഗവുമായ പി. സുരേഷിന് വേണ്ടിയാണ് അദ്ദേഹത്തിൻ്റെ മരുമക്കൾ കാർഷിക ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് മനോഹരമായ പ്രചാരണ ചിത്രം ഒരുക്കിയത്.
കർഷക മേഖലയിൽ നിന്ന് ശേഖരിച്ച നെല്ല്, ചെറുപയർ, അരി, തുവര, എള്ള്, മമ്പയർ തുടങ്ങിയ കാർഷികോത്പന്നങ്ങൾ നിറങ്ങൾക്ക് പകരമായി ഉപയോഗിച്ചാണ് 4x6 അടി വലുപ്പത്തിൽ ചിത്രം തയ്യാറാക്കിയത്. മാമൻ സ്ഥാനാർത്ഥിയായപ്പോൾ വ്യത്യസ്തമായി എന്ത് ചെയ്യാമെന്ന് ആലോചിച്ചപ്പോഴാണ് ഈ ആശയം വന്നതെന്ന് കുട്ടികൾ പറയുന്നു. കലാകാരന്മാർ: അഭിജിത്ത് ടി.കെ., അർജുൻ കാനായി, അഖിൽ ടി.വി., നിഖിൽ ടി.വി., അഭിനന്ദ ടി.കെ., ഉത്തര ടി.കെ., സാൻവിയ ടി.കെ., മിത്രമോൾ, ഇവാഞ്ജലീൻ, ദേവശ്രീ എന്നിവർ നാല് മണിക്കൂർ സമയമെടുത്താണ് ഈ ചിത്രം പൂർത്തിയാക്കിയത്. പ്രചാരണത്തിൻ്റെ ഭാഗമായി സ്ഥാനാർത്ഥി തറവാട്ടിൽ എത്തിയപ്പോൾ മരുമക്കൾ ഈ വേറിട്ട ചിത്രം കാണിച്ച് അദ്ദേഹത്തെ ഞെട്ടിച്ചു. സ്ഥാനാർത്ഥി പി. സുരേഷിനൊപ്പം പി. ഗംഗാധരൻ, വി.വി. ഗിരീഷ്, കെ. ജീവൻ കുമാർ, എം. രഞ്ജിത്ത്, എം. വിനോദ്, ഉണ്ണി കാനായി തുടങ്ങിയവരും ചിത്രം സന്ദർശിച്ചു. ഈ വേറിട്ട കലാസൃഷ്ടി ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.