ഇരുട്ട് പരന്നാൽ എങ്ങും ഭീതി, അമ്മാനി നിവാസികളെ കാക്കാൻ വെറും വാഗ്ദാനങ്ങൾ മാത്രം, ജീവിതം കാട്ടാനയെ പേടിച്ച്

By Web TeamFirst Published Apr 28, 2024, 11:07 PM IST
Highlights

ക്രാഷ് ഗാര്‍ഡ് വരുമെന്ന് പറഞ്ഞു; ഇപ്പോള്‍ ക്രാഷ് ഗാര്‍ഡും വൈദ്യുതി വേലിയും ട്രഞ്ചുമില്ല, അമ്മാനിക്കാരുടെ ജീവിതം കാട്ടാനയെ പേടിച്ച്

ചിത്രം പ്രതീകാത്മകം

കല്‍പ്പറ്റ: പനമരം നീര്‍വാരത്തിനടുത്ത അമ്മാനി പ്രദേശവാസികളുടെ ജീവിതം കാട്ടാനകളെ പേടിച്ചാണ്. വനാതിര്‍ത്തി ഗ്രാമമായ അമ്മാനിയില്‍ ആനകള്‍ നിത്യസന്ദര്‍ശകരാണ്. ഇരുട്ട് പരന്നാല്‍ എവിടെയും കാട്ടാനകളെത്തുമെന്നതാണ് സ്ഥിതി. കഴിഞ്ഞ മാസം അമ്മാനിക്കവലയിലെ കാട്ടാനകള്‍ എത്തി പുത്തന്‍പുരയില്‍ ഷൈലന്റെ അഞ്ഞൂറിലധികം വാഴകള്‍ നശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ തന്നെ പുല്‍ക്കൃഷിയും കവുങ്ങുകളും കാപ്പിച്ചെടികളുമെല്ലാം പലപ്പോഴായി എത്തിയ ആനകള്‍ നശിപ്പിക്കുന്നത് നിത്യസംഭവമാണ്. ഇദ്ദേഹത്തിന്റെ അയല്‍വാസിയായ സുരേഷിനും കാര്‍ഷികവിളകള്‍ വ്യാപകമായി ഇല്ലാതായി.

സമീപ പ്രദേശങ്ങളായ പാതിരിയമ്പം, നീര്‍വാരം ഭാഗങ്ങളില്‍ നിന്നാണ് കാട്ടാനകള്‍ അമ്മാനിയിലേക്ക് എത്തുന്നത്. മുമ്പ് ഒരുക്കിയ കിടങ്ങുകള്‍ മണ്ണിടിഞ്ഞ് തൂര്‍ന്നതും വൈദ്യുതി വേലി തകര്‍ന്നതും കാരണം കാട്ടാനകള്‍ നാട്ടിലിറങ്ങി ഭീതി പടര്‍ത്തുകയാണ്. അതിനിടെ അമ്മാനിയില്‍ സ്വകാര്യ കാപ്പിത്തോട്ടത്തില്‍ ഷോക്കേറ്റു ചരിഞ്ഞ 12 വയസുള്ള കാട്ടുകൊമ്പന്റെ ജഢം സംസ്‌കരിച്ചു. ഡിഎഫ്ഒ എ. ഷജ്ന കരീം, റേഞ്ച് ഓഫീസര്‍മാരായ കെ.പി. അബ്ദുള്‍ സമദ്, ഹാഷിഫ്, ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍മാരായ വി.ആര്‍. ഷാജി, അബ്ദുള്‍ ഗഫൂര്‍, വെറ്റിറിനറി ഡോക്ടര്‍മാരായ ലക്ഷ്മി അരവിന്ദ്, ഫൈസല്‍ യൂസഫ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി ലോറിയില്‍ കയറ്റിയ ജഡം പാതിരി റിസര്‍വിലെ മുക്രമൂലയില്‍ എത്തിച്ച് പോസ്റ്റുമോര്‍ട്ടത്തിന് ശേഷമാണ് സംസ്‌കരിച്ചത്.

കുത്തിമറിച്ച തെങ്ങ് പതിച്ച് പൊട്ടിയ വൈദ്യുതക്കമ്പിയില്‍നിന്നാണ് കൊമ്പന് ഷോക്കേറ്റത്. സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലയം റേഞ്ചിലാണ് അമ്മാനി. കാട്ടാനകള്‍ പതിവായി എത്തുന്ന പ്രദേശമാണിത്. പാറവയല്‍ ജയരാജന്റെ കൃഷിയിടത്തില്‍ ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് ആന ചരിഞ്ഞത്. മുട്ടുകുത്തിയ നിലയിലായിരുന്നു ജഡം. തെങ്ങുവീണ് പൊട്ടിയ വൈദ്യുതക്കമ്പി ആനയുടെ തുമ്പിക്കൈയിലും കൊമ്പിലും ചുറ്റിയിരുന്നു. വനാതിര്‍ത്തിയില്‍ ക്രാഷ് ഗാര്‍ഡ് സ്ഥാപിക്കുന്നതിനു നിലവിലെ ട്രഞ്ചും വൈദ്യുത വേലിയും നീക്കം ചെയ്തിരുന്നു. ഇത് വന്യജീവികള്‍ക്ക് കൃഷിയിടങ്ങളിലെത്താന്‍ കൂടുതല്‍ സൗകര്യമായെന്ന് അമ്മാനി പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടി. പ്രദേശത്തെ ക്രാഷ് ഗാര്‍ഡ് നിര്‍മാണം ഉതുവരെ പൂര്‍ത്തിയായിട്ടില്ല.

പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ, നടന്നത് പേരാമ്പ്രയിലെന്ന് പ്രചാരണം, സംഭവം തമിഴ്നാട്ടിലേത്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!