
കല്‍പ്പറ്റ: പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ വ്യാപക വായ്പ ക്രമക്കേട് നടന്നതായി സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവ് പ്രകാരം നടന്ന അന്വേഷണത്തില്‍ കണ്ടെത്തി. 2015-16 വര്‍ഷത്തില്‍ നടന്നിട്ടുള്ള വായ്പാ ഇടപാടുകളില്‍ ബിനാമി വായ്പകള്‍ ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ നടന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. തുച്ഛ വിലയുള്ള ഭൂമിക്ക് ബിനാമി വായ്പകള്‍ വ്യാപകമായി അനുവദിക്കുക, ഭരണസമിതി അംഗങ്ങളുടെയും ബന്ധുക്കളുടെയും പേരില്‍ അനുവദിച്ച വായ്പകളിലെ ക്രമക്കേട്, വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി വായ്പ അനുവദിക്കല്‍, നിയമവിരുദ്ധമായി പ്രോപര്‍ട്ടി ഇന്‍സ്‌പെക്ഷന്‍ ഫീസ് കൈപ്പറ്റല്‍, ഈട് വസ്തുവിന്റെ അസ്സല്‍ പ്രമാണം ഇല്ലാതെ വായ്പ അനുവദിക്കുക, ബാങ്കിന്റെ പ്രവര്‍ത്തന പരിധിക്ക് പുറത്തുള്ള മൂല്യംകുറഞ്ഞ വസ്തു ഈടായി സ്വീകരിച്ച് വായ്പകള്‍ നല്‍കുക, പണയ സ്വത്തുക്കളുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യാജമായ വസ്തുതകള്‍ റിപ്പോര്‍ട്ട് ചെയ്യുക തുടങ്ങിയ ക്രമക്കേടുകളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
സജീവന്‍ കൊല്ലപ്പള്ളി എന്ന അംഗത്തിന്റെ സഹായത്തോടെ ബാങ്കിലെ അംഗങ്ങള്‍ക്കെന്ന വ്യാജേന വായ്പകള്‍ പാസാക്കി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയതായും ഇയാളുടെ ബന്ധുക്കളുടെ പേരിലുള്ള മൂല്യം കുറവുള്ള ഭൂമി തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൂല്യം കുറഞ്ഞ ഭൂമിക്ക് വന്‍ തുക മൂല്യമുള്ളതായി ഭരണസമിതിയംഗങ്ങള്‍ വ്യാജ റിപ്പോര്‍ട്ട് തയ്യാറാക്കി. വസ്തു വിറ്റാല്‍ പോലും വായ്പ നല്‍കിയ തുക തിരിച്ചുപിടിക്കാനാവാത്ത വിധമാക്കി. ഇപ്രകാരം അനുവദിച്ച വായ്പ തുകകള്‍ പൂര്‍ണ്ണമായോ ഭാഗീകമായോ സജീവന്‍ കൊല്ലപ്പള്ളിയുടെ സേവിങ്‌സ് അക്കൗണ്ടിലേക്ക് എത്തിയിട്ടുണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ബാങ്ക് പ്രസിഡന്റിന്റെയും ഭരണസമിതിയംഗങ്ങളുടെയും കുടുംബാംഗങ്ങളുടെ പേരിലെടുത്തിരിക്കുന്ന വായ്പകളും സജീവന്റെ അക്കൗണ്ടിലേക്കെത്തിയിട്ടുണ്ട്. വീടോ കെട്ടിടമോ ഇല്ലാത്ത ഈട് വസ്തുവില്‍ ഇവയുണ്ടെന്ന് വ്യാജ റിപ്പോര്‍ട്ട് തയ്യാറാക്കി ഇയാളുടെ അക്കൗണ്ടിലേക്ക് 1.64 കോടി രൂപയുടെ ബാങ്ക് ഫണ്ട് ചോര്‍ത്തുന്നതിന് ഭരണസമിതി കൂട്ടുനിന്നു. പുല്‍പള്ളി പഞ്ചായത്ത് മാത്രം പ്രവര്‍ത്തന പരിധിയുള്ള ബാങ്ക്, കൃഷ്ണഗിരി, പുറക്കാടി വില്ലേജുകളില്‍ വരെയുള്ള ഭൂമിക്ക് മേല്‍ വായ്പ അനുവദിച്ചു. ഇപ്രകാരം നല്‍കിയ വായ്പകളില്‍ ഭൂരിഭാഗവും സജീവന്റെ അക്കൗണ്ടിലേക്കാണെത്തിയിരിക്കുന്നത്.
ബാങ്ക് ഫണ്ടിന്റെ വലിയൊരു ഭാഗം ഒരു വ്യക്തിയുടെ കൈകളിലേക്ക് മാത്രമെത്തിയത് ബാങ്കിന്റെ നിലനില്‍പ് തന്നെ അപകടത്തിലാക്കി. സാധാരണ അംഗങ്ങള്‍ക്ക് വായ്പ ലഭിക്കുന്നതിന് ഇത് തടസ്സമായി. തരളധനം സൂക്ഷിക്കാന്‍ പോലും കെല്‍പില്ലാതെ ബാങ്കിന്റെ സാമ്പത്തിക സ്ഥിതി തകര്‍ന്നു. ആറു ലക്ഷം രൂപ മാത്രം വിപണി മൂല്യമുള്ള സ്ഥലത്തിന് ഭരണസമതിയംഗം 65 ലക്ഷം രൂപ മൂല്യം നിശ്ചയിച്ച് 25 ലക്ഷം രൂപ വായ്പ നല്‍കിയിട്ടുണ്ട്. സാധാരണക്കാരായ അംഗങ്ങളുടെ രേഖകള്‍ ഉപയോഗിച്ച് അവരുടെ അറിവോ സമ്മതമോ ഇല്ലാതെ വന്‍ തുകകള്‍ വായ്പയായി അനുവദിച്ച് തട്ടിപ്പ് നടത്തിയതായും റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്.
ബാങ്ക് സെക്രട്ടറി കെ.ടി. രമാദേവി, ലോണ്‍ സെക്ഷന്‍ മേധാവിയും ഇന്റേണല്‍ ഓഡിറ്ററുമായ പി.യു. തോമസ് എന്നിവര്‍ക്ക് ബാങ്കില്‍ നടന്ന ക്രമക്കേടില്‍ പങ്കുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ബാങ്ക് പ്രസിഡന്റ് കെ.കെ. അബ്രഹാം, ഭരണസമിതിയംഗങ്ങളായ ടി.എസ്. കുര്യന്‍, വി.എം. പൗലോസ്, എന്‍.യു. ഉലഹന്നാന്‍, സി.വി. വേലായുധന്‍, ജനാര്‍ദനന്‍ പാമ്പനാല്‍, ടി.പി. മുകുന്ദന്‍, സണ്ണി തോമസ്, സുജാത ദിലീപ്, ബിന്ദു ചന്ദ്രന്‍, ഫിലോമിന കാഞ്ഞൂക്കാരന്‍ എന്നിവരാണ് ക്രമക്കേടുകള്‍ക്ക് ഉത്തരവാദികളായി അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ സണ്ണി തോമസ് 2015ല്‍ ഭരണസമിതിയംഗത്വം രാജിവെച്ചിരുന്നു. ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥന് നല്‍കിയ മൊഴിയും നിര്‍ണായകമായി. ഭരണസമിതിയോഗത്തില്‍ പരിശോധിക്കാത്ത പല വായ്പകളും പിന്നീട് മിനുട്ട്‌സില്‍ എഴുതി ചേര്‍ത്തത് ശ്രദ്ധയില്‍പ്പെട്ടതായി ഇയാള്‍ വെളുപ്പെടുത്തിയിട്ടുണ്ട്. ക്രമക്കേടുകള്‍ മൂലം ബാങ്കിന് 60050500 രൂപയുടെ നഷ്ടം സംഭവിച്ചെന്നും 2017-18 വര്‍ഷത്തില്‍ നഷ്ടം 9.42 കോടി രൂപയായി വര്‍ധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സാമ്പത്തിക ലാഭമെന്ന ലക്ഷ്യത്തോടെ ചതി, വിശ്വാസ വഞ്ചന, രേഖകളില്‍ കൃത്രിമം കാണിക്കല്‍ തുടങ്ങിയവ നടന്നിട്ടുണ്ടെന്നും ഇവര്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരവും കേരള സഹകരണ വകുപ്പ് നിയമം സെക്ഷന്‍ 94, 948എ, 948ബി പ്രകാരവും പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അസി. രജിസ്ട്രാര്‍ ടി.എസ്. ജോണ്‍സണ്‍, യൂണിറ്റ് ഓഡിറ്റര്‍ ഷിജി വര്‍ഗീസ്, ഓഫീസ് ഇന്‍സ്‌പെക്ടര്‍ സി.ആര്‍. പ്രതീഷ് കുമാര്‍, സ്‌പെഷ്യല്‍ സെയില്‍ ഓഫീസര്‍ എ.കെ. ബിന്ദു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. റിപ്പോര്‍ട്ട് പുറത്ത് വന്നതിനെ തുടര്‍ന്ന് രണ്ട് അംഗങ്ങള്‍ രാജിവെച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam