അരിക്കൊമ്പനെ തിരികെ എത്തിക്കാനുള്ള സമരത്തിന്റെ പേരില്‍ ഊരുവിലക്ക്, മാപ്പ് പറച്ചിലിന് പിന്നാലെ പിൻവലിച്ചു

Published : Sep 08, 2023, 11:15 AM IST
അരിക്കൊമ്പനെ തിരികെ എത്തിക്കാനുള്ള സമരത്തിന്റെ പേരില്‍ ഊരുവിലക്ക്, മാപ്പ് പറച്ചിലിന് പിന്നാലെ പിൻവലിച്ചു

Synopsis

ചിന്നക്കനാലിൽ നിന്ന് കാട് കടത്തിയ അരിക്കൊനെ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് മൃഗസ്നേഹികളുടെ കൂട്ടായ്മ നടത്തിയ സമരത്തിൽ പങ്കെടുത്തതിന്റെ പേരിലായിരുന്നു ഊരുവിലക്ക്

ഇടുക്കി: അരിക്കൊമ്പനെ തിരികെ എത്തിക്കാനായി നടത്തിയ സമരത്തില്‍ പങ്കെടുത്തതിന് 4 പേര്‍ക്ക് എര്‍പ്പെടുത്തിയ ഊരുവിലക്ക് പിന്‍വലിച്ചു. ചിന്നക്കനാലിൽ നിന്ന് കാട് കടത്തിയ അരിക്കൊനെ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് മൃഗസ്നേഹികളുടെ കൂട്ടായ്മ നടത്തിയ സമരത്തിൽ പങ്കെടുത്തതിന്റെ പേരിലായിരുന്നു ചിന്നക്കനാൽ ചെമ്പകത്തൊഴുക്കുടി, പച്ചപ്പുൽക്കുടി എന്നീ ആദിവാസി കുടികളിൽ 4 പേർക്ക് ഊരുവിലക്ക് ഏർപ്പെടുത്തിയത്.

ചെമ്പകത്തൊഴുക്കുടി സ്വദേശികളായ പാൽരാജ്, മകൻ ആനന്ദരാജ്, മോഹനൻ, പച്ചക്കൽക്കൂടി സ്വദേശി മുത്തുകുമാർ എന്നിവരെയാണ് 16 ന് ചേർന്ന ഊരുകൂട്ടം വിലക്കിയത്. എന്നാല്‍ അരിക്കൊമ്പനുമായി ബന്ധപ്പെട്ട് ഇനിയൊരു സമരത്തിലും പങ്കെടുക്കരുതെന്ന് കുടിയിലെ ഗോത്ര നേതാക്കൾ ഈ 4 പേർക്കും മുന്നറിയിപ്പ് നൽകുകയാണുണ്ടായതെന്നാണ് സ്പെഷൽ ബ്രാഞ്ച് അധികൃതര്‍ വ്യക്തമാക്കിയത്. ഇവരോട് തൽക്കാലം സഹകരിക്കേണ്ടതില്ലെന്നും കുടിയിലുള്ളവർ തീരുമാനിച്ചിരുന്നു. എന്നാൽ ഇത് ഊരുവിലക്കല്ലെന്നാണ് സ്പെഷൽ ബ്രാഞ്ചിന്റെ വിലയിരുത്തൽ.

പാൽരാജ്, ആനന്ദരാജ്, മോഹനൻ, മുത്തുകുമാർ എന്നിവർ കഴിഞ്ഞ ദിവസം കുടിയിലെ കാണിയുൾപ്പെടെയുള്ളവരോട് പരസ്യമായി മാപ്പ് പറഞ്ഞതോടെ പ്രശ്നം അവസാനിക്കുകയായിരുന്നു. നേരത്തേ അരിക്കൊമ്പനെ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് ചെമ്പകത്തൊഴുക്കുടിയിലെ മുഴുവൻ ആളുകളും ചേർന്ന് കഴിഞ്ഞ ജൂൺ 5നും 6 നും ബോഡിമെട്ടിൽ നിന്ന് സൂര്യനെല്ലിയിലേക്കുള്ള റോഡ് ഉപരോധിച്ചിരുന്നു. ഈ സംഭവത്തിനു ശേഷം അരിക്കൊമ്പനെ തിരികെ കൊണ്ടു വരാൻ ഭീമഹർജി നൽകാനെന്ന പേരിൽ ചിലർ കുടിയിലെ ആളുകളുടെ ഒപ്പ് ശേഖരിച്ചു. എന്നാൽ അരിക്കൊമ്പനെ തിരികെ കൊണ്ടുവരുന്നതോടൊപ്പം ചിന്നക്കനാൽ മേഖലയിലെ വനഭൂമിയിൽ നിന്ന് ആളുകളെ കുടിയിറക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഈ ഹർജിയിൽ എഴുതി ചേർത്തുവെന്നാണ് കുടിയിലുള്ളവർ ആരോപിക്കുന്നത്.

തങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുടിയിറക്കാനുള്ള നീക്കം നടത്തിയ മൃഗ സ്നേഹികളുടെ സംഘടനകളുമായി ഒരു തരത്തിലും സഹകരിക്കേണ്ടെന്നും അരിക്കൊമ്പൻ വിഷയത്തിൽ ഇനി ഇടപെടേണ്ടെന്നും കുടിയിലുള്ളവർ തീരുമാനിച്ചിരുന്നു. എന്നാൽ ഈ തീരുമാനം അവഗണിച്ച് 4 പേർ തിരുവനന്തപുരത്ത് മൃഗസ്നേഹികൾ സംഘടിപ്പിച്ച സമരത്തിൽ പങ്കെടുത്തതാണ് ഊരുവിലക്കിന് കാരണമായത്. എന്നാൽ സമുദായ സംഘടന യോഗത്തിനെന്ന പേരിൽ തെറ്റിദ്ധരിപ്പിച്ചാണ് തങ്ങളെ തിരുവനന്തപുരത്തേക്ക് കൊണ്ട് പോയതെന്നാണ് ഊരുകൂട്ടത്തിന്റെ നടപടി നേരിട്ടവർ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്