
മലപ്പുറം: തെരെഞ്ഞെടുപ്പില്‍ ആപ്പിള്‍ ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച സ്ഥാനാര്‍ത്ഥി നന്ദി പറയാൻ വാര്‍ഡിലെ വീടുകളിലെത്തിയത് ആപ്പിളുകളുമായി. മലപ്പുറം ഊരകം പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച നല്ലേങ്ങര ഇബ്രാഹിമാണ് വീടുകളില്‍ ആപ്പിളുകള്‍ എത്തിച്ചത്. വാര്‍ഡിലെ നാനൂറോളം വീടുകളിലും നല്ലേങ്ങര ഇബ്രാഹിം ആപ്പിളുകള്‍ ഇതിനോടകം എത്തിച്ചുകഴിഞ്ഞു. മുസ്ലിം ലീഗ് പ്രവർത്തകനായ ഇബ്രാഹിം നേതൃത്വത്തിന്‍റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് പാർട്ടി ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ വിമതനായി മത്സരിച്ചത്. 'ആപ്പിൾ' ചിഹ്നത്തിൽ ജനവിധി തേടിയ ഇബ്രാഹിം 237 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
പാര്‍ട്ടി വിമതനായി മത്സരിച്ചപ്പോള്‍ കൂടെ കൂടാതിരുന്ന പലരും ആപ്പിള്‍ വിതരണത്തില്‍ ഇബ്രാഹിമിനൊപ്പം കൂടി. വോട്ട് അഭ്യര്‍ത്ഥനയുമായി വീടുകളിലെത്തിയപ്പോള്‍ വിജയിച്ചാല്‍ ആപ്പിളുകളുമായി എത്തുമെന്ന് ഇബ്രാഹിം പറഞ്ഞിരുന്നെങ്കിലും അതൊക്കെ വെറും വാഗ്ദാനമായി മാത്രമേ പലരും കണക്കിലെടുത്തിരുന്നുള്ളൂ. എന്നാൽ, വിജയിച്ചശേഷം പറഞ്ഞ വാക്ക് അതുപോലെ പാലിക്കുകയായിരുന്നു ഇബ്രാഹിം. തെരഞ്ഞെടുപ്പ് വിജയത്തിൽ പടക്കം അടക്കം പൊട്ടിച്ച് പണം കളയുന്നതിന് പകരം ഇത്തരത്തിൽ ജനങ്ങള്‍ക്ക് ഉപകാരമുള്ള കാര്യം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് ഇബ്രാഹിം പറയുന്നത്.
എന്തായാലും ഇബ്രാഹിം വാക്കു പാലിച്ചപ്പോള്‍ വോട്ടര്‍മാരാര്‍ ശരിക്കും ഇപ്പോള്‍ സങ്കടത്തിലാണ്. ഇബ്രാഹിമിന് മൊബൈല്‍ ഫോണോ ടെലിവിഷനോ അങ്ങനെ വലിയ വിലപിടിപ്പുള്ള ചിഹ്നം എന്തേ തെരെഞ്ഞെടുപ്പ് കമ്മീഷൻ അനുവദിക്കാതിരുന്നതെന്ന സങ്കടമാണ് തമാശയായി വോട്ടര്‍ പങ്കുവെക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam