
ആലപ്പുഴ: കപ്പലിൽ ജോലി വാഗ്ദാനം ചെയ്തു വ്യാപകമായി സാമ്പത്തിക തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. ആലപ്പുഴ നോര്‍ത്ത് വടക്കമ്പൽ കടവിക്കൽ വിനോദ് ജോണിനെയാണ് നിലമ്പൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. നിലമ്പൂരിൽ മാത്രം 30 ഓളം പേരെയാണ് ഇയാൾ ഇത്തരത്തിൽ പറ്റിച്ചത്. മറ്റ് ജില്ലകളിലും സമാനതട്ടിപ്പ് നടത്തി. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷിലാണ് പരാതിക്കാരൻ. ക്രൂസ് കപ്പലിൽ ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. പ്രതി വിനോദ് ജോൺ നേരത്തെ കപ്പൻ ജീവനക്കാരൻ ആയിരുന്നു. അക്കാലത്തെ ചിത്രങ്ങളും മറ്റും കാണിച്ചാണ് ആവശ്യക്കാരുടെ വിശ്വാസ്യത നേടാറ്. നിമ്പൂര്‍ മേഖലയിൽ മാത്രം 35 യുവാക്കളെ വിനോദ് ജോൺ പറ്റിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പണം വാങ്ങിയ ശേഷം യുവാക്കളെ മുബൈയിൽ കൊണ്ടുപോകും. അവിടെ റൂം എടുത്ത് താമസിപ്പിക്കും. പിന്നെ വ്യത്യസ്ത കാരണം പറഞ്ഞ് മടക്കി അയക്കും. നിലമ്പൂരിൽ മെഹര്‍ ട്രാവൽസിനെ കരുവാക്കിയാണ് തട്ടിപ്പ്. ട്രാവൽസ് ഉടമ മെഹര്‍ബാനെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കണ്ണൂര്‍, ഇടുക്കി, കൊല്ലം ജില്ലകളിലും സമാന തട്ടിപ്പുകൾ നടത്തിയിട്ടുണ്ട്. നല്ല കമ്മീഷൻ നൽകിയാണ് ട്രാവൽസ് ഉമടകളെ തട്ടിപ്പിന് മറയാക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. മറ്റുള്ളവരുടെ പേരിലെടുത്ത സിം കാഡുകളും പുതിയ ഫോണും വ്യാജരേഖ ഉപയോഗിച്ചെടുത്ത ബാങ്ക് അക്കൗണ്ടുകളും തട്ടിപ്പിന് ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ഉഡുപ്പിയിലേക്കുള്ള ബസ് യാത്രയ്ക്കിടെയാണ് പൊലീസ് പ്രതിയെ പിടിച്ചത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam