
പത്തനംതിട്ട: പ്രളയത്തിൽ വീട് നശിച്ച നിർധന കുടുംബത്തിന് നാട്ടുകാരുടെ നേതൃത്വത്തിൽ പുതിയ വീട് നിർമ്മിച്ചു നൽകി. പത്തനംതിട്ട റാന്നി വൈക്കം ആശാരിപറമ്പിലെ ശ്യാം കുമാറിന്‍റെ കുടുംബത്തിനാണ് നാട്ടുകാർ വീട് നിർമ്മിച്ച് നൽകിയത്.
കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ മഹാപ്രളയത്തിലാണ് തലചായ്ക്കാൻ ആകെ ഉണ്ടായിരുന്ന കൂര ശ്യാംകുമാറിന്‍റെ കുടുംബത്തിന് നഷ്ടമായത്. രോഗികളായ അച്ഛനും അമ്മയും സഹോദരിയും, ഒപ്പം സഹോദരിയുടെ രണ്ട് കുട്ടികളും ഇതോടെ വഴിയാധാരമായി. റേഷൻ കടയിലെ താത്കാലിക ജോലി കൊണ്ടാണ് ശ്യാം കുടുംബം പുലർത്തിയിരുന്നത്.
സർക്കാർ ഭവന പദ്ധതിക്ക് 3 സെന്‍റ് ഭൂമി വേണമെന്ന നിബന്ധനയുള്ളതിനാൽ ആദ്യഘട്ടത്തിൽ ഭവന പദ്ധതിക്കുള്ള അപേക്ഷ നിഷേധിക്കപ്പെട്ടു. തുടർന്ന് നാട്ടുകാർ മുൻകൈ എടുത്ത് ഇവരുടെ കുടുംബ വകയായുള്ള ഒന്നര സെന്‍റിൽ വീട് നിർമ്മാണം തുടങ്ങി. രണ്ടാം ഘട്ടത്തിൽ സർക്കാരിൽ നിന്നുള്ള 4 ലക്ഷം രൂപ ലഭിച്ചു. 8 ലക്ഷത്തോളം രൂപ നാട്ടുകാരും സമാഹരിച്ചു. വീട്ടിലേക്ക് ആവശ്യമായി ഉപകരണങ്ങളും നാട്ടുകാരുടെ സഹകരണത്തിൽ എത്തിച്ചു.
11 ലക്ഷം രൂപയാണ് ഇരുനില വീടിന് ചെലവായത്. സമാഹരിച്ച തുകയിൽ നിന്ന് ഒരു ലക്ഷത്തോളം സഹോദരിയുടെ രണ്ട് കുട്ടികളുടെ പഠന ആവശ്യത്തിന് മാറ്റിവെച്ചിട്ടുണ്ട്. ഹാപ്പി ഹോം എന്ന് പേരിട്ടിരിക്കുന്ന വീടിന്‍റെ ഗൃഹപ്രവേശനം ആഘോഷമാക്കാനൊരുങ്ങുകയാണ് നാട്ടുകാർ.