
കോഴിക്കോട് : കൊയിലാണ്ടിയിലെ സിപിഎം ലോക്കൽ സെക്രട്ടറി പിവി സത്യനാഥനെ കുത്തിക്കൊന്ന കേസിലെ പ്രതി അഭിലാഷുമായി തെളിവെടുപ്പ്.കൊലപാതകം നടത്തിയ സ്ഥലം, ആയുധം ഉപേക്ഷിച്ച് സ്ഥലം എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. കനത്ത പൊലീസ് സുരക്ഷയിലാണ് പ്രതിയെ സ്ഥലത്തേക്ക് എത്തിച്ചത്. മൊബൈൽ ഫോൺ കണ്ടെടുത്തു.
വ്യക്തി വൈരാഗ്യം മൂലമാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. സത്യനാഥൻ തന്നെ മനപൂര്‍വം അവഗണിച്ചു. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് മാറ്റി നിര്‍ത്തി. പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചിട്ടും മറ്റു പാർട്ടിക്കാരിൽ നിന്ന് മർദനമേറ്റപ്പോൾ സംരക്ഷിച്ചില്ല. പകരം കുറ്റപ്പെടുത്തി. ഇത് വൈരാഗ്യത്തിന് കാരണമായെന്നും അഭിലാഷിന്‍റെ മൊഴിയിലുണ്ട്. റിമാന്‍ഡ് റിപ്പോർട്ടിൽ അഭിലാഷിന്‍റെ മൊഴിയിലെ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
കൊയിലാണ്ടി ചെറിയപ്പുറം പരദേവതാ ക്ഷേത്ര മുറ്റത്ത് വെച്ചായിരുന്നു കേട്ടുകേൾവിയില്ലാത്ത വിധമുള്ള അരുംകൊല അരങ്ങേറിയത്. ക്ഷേത്രമുറ്റത്ത് വെച്ച് ഗാനമേള നടക്കുന്നതിനിടെയാണ് ലോക്കൽ സെക്രട്ടറി കുത്തേറ്റ് കൊല്ലപ്പെട്ടത്. മൂന്ന് വലിയ മുറിവുകളാണ് സത്യനാഥന്റെ ശരീരത്തിലുളളത്. ഇതിൽ കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുളളത്. ഉത്സവത്തിനെത്തിയ ഭക്തജനങ്ങളും ഗാനമേള കേൾക്കാൻ എത്തിയ നാട്ടുകാരും അടക്കം നൂറുകണക്കിനാളുകൾ ക്ഷേത്ര പരിസരത്ത് തിങ്ങിനിറഞ്ഞു നിൽക്കവെയായിരുന്നു ക്ഷേത്ര ഓഫീസിന് മുന്നിൽ സിസിടിവി ക്യാമറകൾക്ക് തൊട്ടു താഴെ വച്ചുള്ള കൊലപാതകം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam