ഡ്രൈവിങ് ടെസ്റ്റ് പാസാക്കാൻ കൈക്കൂലി വാങ്ങുന്നതിനിടെ ചേര്‍ത്തലയിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടര്‍ കെ ജി ബിജുവും ഏജന്റും വിജിലൻസ് പിടിയിലായി. ആറു വർഷമായി നിരീക്ഷണത്തിലായിരുന്ന ഇയാൾക്കെതിരെ അനധികൃത സ്വത്തുസമ്പാദന കേസടക്കം നിരവധി പരാതികളുണ്ട്.

ചേര്‍ത്തല: ഡ്രൈവിങ് ടെസ്റ്റ് പാസാക്കി നൽകുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ചേര്‍ത്തല ജോയിന്‍റ് ആര്‍ടിഒ ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടര്‍ (എംവിഐ) കെ ജി ബിജുവിനെയും ഏജന്‍റ് ജോസിനെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കോട്ടയം വിജിലന്‍സ് കോടതിയാണ് ഇരുവരെയും റിമാന്‍ഡ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ടാണ് തണ്ണീര്‍മുക്കം സ്വദേശിനിയായ ഡ്രൈവിങ് സ്‌കൂള്‍ ഉടമയുടെ ഭര്‍ത്താവിന്‍റെ പരാതിയില്‍ വിജിലന്‍സ് നടത്തിയ ഓപ്പറേഷനില്‍ ഇവർ കുടുങ്ങിയത്. വിജിലന്‍സ് സാന്നിധ്യത്തില്‍ പരാതിക്കാരനില്‍ നിന്നും ഏജന്റ് കൈപ്പറ്റിയ തുക ബിജുവിന് ചേര്‍ത്തലയിലെ വീട്ടിലെത്തി കൈമാറുന്നതിനിടെയായിരുന്നു അറസ്റ്റ്.

കെ ജി ബിജുവിനെതിരെ വകുപ്പുതലത്തിലും പുറത്തും 30 ഓളം പരാതികളാണ് നിലവിലുള്ളതെന്ന് മോട്ടോര്‍ വാഹന വകുപ്പ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ആറു വര്‍ഷമായി ഇയാൾ വിജിലന്‍സ് നിരീക്ഷണത്തിലായിരുന്നു. സർവീസിന്‍റെ ഭൂരിഭാഗവും ചേർത്തലയിലാണ് ഇയാൾ ജോലി ചെയ്തത്. ഇതിനായി ഉന്നത ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിരുന്നതായും ആരോപണമുണ്ട്.

അനധികൃത സ്വത്തുസമ്പാദന കേസിലടക്കം നിലവില്‍ അന്വേഷണം നടക്കുന്നുണ്ട്. തിരുവല്ല പൊടിയാടിയിലടക്കം നിര്‍മ്മിക്കുന്ന ആഡംബര വീടും ബന്ധുക്കളുടെ പേരില്‍ തുടങ്ങിയ പുകരപപരിശോധന കേന്ദ്രങ്ങളും വിജിലന്‍സ് നിരീക്ഷണത്തിലാണ്. അതേസമയം, കെ ജി ബിജുവിനെ ഉദ്യോഗസ്ഥ പകയുടെ പേരില്‍ കുരുക്കിയതാണെന്ന വിമര്‍ശനവുമായി ഒരു വിഭാഗം ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ രംഗത്തുവന്നിട്ടുണ്ട്. ഇവര്‍ വകുപ്പ് മന്ത്രിക്കടക്കം പരാതി നല്‍കിയിട്ടുണ്ട്.