മസിനഗുഡിയില്‍ ദാരുണമായി കൊല്ലപ്പെട്ടത് നാട്ടുകാരുടെ 'എസ്‌ഐ'; ക്രൂരതക്ക് ഇരയായി 'റിവാള്‍ഡോ'യും

By Web TeamFirst Published Jan 24, 2021, 5:26 PM IST
Highlights

തലയെടുപ്പുള്ള കൊമ്പന് അവരില്‍ ആരോ നല്‍കിയ പേര് പിന്നീട് സ്ഥിരം വിളിപ്പേരായി. ജനവാസപ്രദേശങ്ങളില്‍ നിരന്തരമെത്താറുള്ള ആന ആരെയും ഇതുവരെ ഉപദ്രവിച്ചിട്ടില്ല. 

കല്‍പ്പറ്റ: ''എസ്‌ഐ പാവത്താനായിരുന്നു...ഒരാളെയും ഉപദ്രവിച്ചതായി കേട്ടിട്ടില്ല!'' കഴിഞ്ഞ ദിവസം മസിനഗുഡിയില്‍ റിസോര്‍ട്ട് ഉടമയും സഹായികളും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തിയത് കൊമ്പനെ കുറിച്ചുള്ള നാട്ടുകാരില്‍ ചിലരുടെ അഭിപ്രായമാണിത്. തലയെടുപ്പുള്ള കൊമ്പന് അവരില്‍ ആരോ നല്‍കിയ പേര് പിന്നീട് സ്ഥിരം വിളിപ്പേരായി. ജനവാസപ്രദേശങ്ങളില്‍ നിരന്തരമെത്താറുള്ള ആന ആരെയും ഇതുവരെ ഉപദ്രവിച്ചിട്ടില്ല. 

'റിവാള്‍ഡോ' എന്ന് വിളിപ്പേരുള്ള മറ്റൊരു കൊമ്പനും ഇവിടെയുണ്ടെന്നാണ് വിവരം. പടക്കമെറിഞ്ഞതിനാലോ മറ്റോ തുമ്പിക്കൈയുടെ അറ്റം അടര്‍ന്നുപോയ നിലയില്‍ ജീവിക്കുന്ന രക്തസാക്ഷിയാണ് ഈ കൊമ്പന്‍. സഞ്ചാരികള്‍ ഏറെയെത്തുന്നയിടമാണ് മസിനഗുഡിയിലെ റിസോര്‍ട്ടുകള്‍. വന്യമൃഗങ്ങളെ അടുത്ത് കാണാനാകുമെന്നതിനാല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഇവിടങ്ങളിലെ ഹോംസ്റ്റേകളും റിസോര്‍ട്ടുകളും നാളുകള്‍ക്ക് മുമ്പ് തന്നെ ബുക് ചെയ്തിരിക്കും. എന്നാല്‍ റിസോര്‍ട്ട് അധികൃതര്‍ വന്യമൃഗങ്ങളെ സഞ്ചാരികളുടെ അടുത്തെത്തിക്കുന്നത് 'ഭക്ഷണക്കെണി' വഴിയാണെന്നാണ് ഇപ്പോള്‍ ആരോപണമുയര്‍ന്നിരിക്കുന്നത്. 

ആനകള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം റിസോര്‍ട്ടുകള്‍ക്ക് അടുത്തായി ഒരുക്കും. ഇത് ഭക്ഷിക്കാനായി എത്തുന്ന ഇവ ഇവിടെ ഏറെ നേരം ചിലവഴിക്കും. ഇത്തരത്തില്‍ 'ഭക്ഷണക്കെണി'യില്‍ ആണ് കഴിഞ്ഞ ദിവസം ചരിഞ്ഞ കൊമ്പനും റിസോര്‍ട്ടിനടുത്ത് എത്തിയതെന്ന് മൃഗസ്നേഹികള്‍ ആരോപിക്കുന്നു. ഭക്ഷണം തീര്‍ന്നിട്ടും റിസോര്‍ട്ടുകള്‍ക്ക് സമീപത്ത് നിന്ന് പോകാതെ നിന്ന കൊമ്പനെ ടയറ് കത്തിച്ചും മറ്റും പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് വന്‍ദുരന്തത്തില്‍ കലാശിച്ചത്. മസിനഗുഡി, ബൊക്കാപുരം, മാവനെല്ല തുടങ്ങിയിടങ്ങളിലുള്ള റിസോര്‍ട്ടുകളും ഹോംസ്റ്റേകളും നിയമവിധേയമായി പ്രവര്‍ത്തിക്കുന്നവയാണോയെന്ന് വരും ദിവസങ്ങളില്‍ വനംവകുപ്പും റവന്യൂ ഉദ്യോഗസ്ഥരും പരിശോധിക്കും. 

വാണിജ്യലൈസന്‍സ് എടുക്കാതെ നിരവധി ഹോംസ്റ്റേകള്‍ ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായാണ് പരാതിയുയര്‍ന്നിട്ടുള്ളത്. അതേസമയം 'നൈറ്റ് സഫാരി' എന്ന പേരില്‍ അറിയപ്പെടുന്ന റിസോര്‍ട്ടുകാരുടെ അനധികൃത കാടുകയറ്റങ്ങള്‍ക്കെതിരെ നടപടിവേണമെന്ന ആവശ്യമുയരുകയാണ്. രാത്രിയില്‍ വാഹനത്തില്‍ സഞ്ചാരികളുമായി കാടിനുള്ളിലേക്ക് നടത്തുന്ന ഇത്തരം യാത്രകള്‍ വന്യമൃഗങ്ങള്‍ക്ക് ഭീഷണിയാണെന്നാണ് പരാതി. ആനയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാളെ കൂടി ഇനിയും പിടികൂടാനുണ്ട്. ഇയാള്‍ ഒളിവിലാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം.
 

click me!