
വിതുര: അമ്മയ്ക്ക് ജീവനില്ലെന്നറിയാതെ ചരിഞ്ഞ പിടിയാനയുടെ അടുത്ത് കുസൃതി കാണിച്ച് നിന്ന കുട്ടിയാന ഇനി കാപ്പുകാട് ആന പരിപാലന കേന്ദ്രത്തില്‍ വളരും. ശനിയാഴ്ചയാണ് തിരുവനന്തപുരം വിതുര കല്ലാറിലാണ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ചരിഞ്ഞ പിടിയാനയ്ക്ക് സമീപം ആനയെ തൊട്ടും തലോടിയും നില്‍ക്കുകയായിരുന്നു കുട്ടിയാന. നിലത്തുകിടക്കുന്ന പിടിയാനയെ എഴുന്നേല്‍പ്പിക്കാന്‍ വിഫലശ്രമങ്ങളുമായി നടക്കുന്ന കുട്ടിയാനയുടെ ചിത്രം കരളലിയിക്കുന്നതായിരുന്നു. സമീപത്തെങ്ങും കാട്ടാനക്കൂട്ടം ഇല്ലാതിരുന്നതിനാല്‍ കുട്ടിയാനയെ കാട്ടിലേക്ക് തിരിച്ചയ്ക്കുന്നത് അപകടമാണെന്ന വിലയിരുത്തലിനേ തുടര്‍ന്നാണ് കുട്ടിയാനയെ ആനപരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുവന്നത്.
കാപ്പുകാട് ആനപരിപാലന കേന്ദ്രത്തിൽ അമ്പനാട് നിന്നുമെത്തിയ ശ്രീകുട്ടിക്കും മറ്റ് നാലു കുട്ടിയാനകൾക്കൊപ്പം ഈ കുട്ടിയാനയും ഇനി വളരും. തിരുവനന്തപുരം ഡി.എഫ്.ഒ കെ.ഐ.പ്രദീപ്കുമാർ,പാലോട് റെയിഞ്ച് ഓഫീസർ അജിത്ത് കുമാർ,കോട്ടൂർ കാപ്പുകാട് ഫോറസ്റ്റ് ഡെപ്യൂട്ടി വാർഡൻ സതീശൻ, വെറ്റിനറി ഡോക്ടർ ഷിജു, റാപിഡ് റെസ്പോൺസ് ടീം എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക വാഹനത്തിൽ ഉച്ചയോടെ കാപ്പുകാട് എത്തിച്ച ആനക്കുട്ടിയെ പ്രത്യേക കൂട്ടിലേക്ക് മാറ്റി. കുട്ടിയാനയെ വളരെ ശ്രമപ്പെട്ടാണ് റാപ്പിഡ് റെസ്പോൻസ് ടീമും, അനപ്പാപ്പന്മാരും ചേർന്നു കൂട്ടിൽ എത്തിച്ചത്.
വാഹനത്തിൽ കാപ്പുകാട് എത്തിയപ്പോൾ തന്നെ വാതിൽ പൊട്ടിച്ചു പുറത്തു ചാടാനായി വാതിൽ കമ്പികൾ ഇടിച്ചു പൊട്ടിക്കാനും, കുഞ്ഞു തുമ്പികൈ വളച്ചു വാതിൽ തുറക്കാനും കഴുത്തിൽ ചുറ്റിയ പ്ലാസ്റ്റിക്ക് കയർ അഴിക്കാനും ഒക്കെ വിഫല ശ്രമങ്ങൾ നടത്തി. ഒടുവിൽ ജീവനക്കാർ കയറുകൾ കാലുകളിൽ കെട്ടി വിദഗ്ധമായി പുറത്തിറക്കി നടത്തിച്ചു കൂട്ടിൽ കയറ്റുകയായിരുന്നു.
തീറ്റപ്പുൽ കണ്ട ശേഷമാണ് കുട്ടിയാന കുറുമ്പ് അവസാനിപ്പിച്ചത് .ശാരീരിക പ്രശ്നങ്ങളോ അവശതയോ ഇല്ലെങ്കിലും ഇനി കുറച്ചു നാൾ കുട്ടിയാന നിരീക്ഷണത്തിൽ കഴിയും.ഞായറാഴ്ച കൂടുതൽ പരിശോധന നടത്തും. കുട്ടിൽ കയറിയ ശേഷം വെള്ളം കുടിച്ചു തുടര്‍ന്നുള്ള ഭക്ഷണ ക്രമങ്ങൾ വെറ്റിനറി ഡോക്ടർ തീരുമാനിക്കും.ആനകുട്ടിക്ക് എല്ലാവിധ പരിചരണവും നൽകാൻ സൗകര്യം ഉണ്ടെന്നും രണ്ടാഴ്ചയോളം എങ്കിലും നിരീക്ഷണ ശേഷമേ പൊതു ജനങ്ങൾക്ക് കാണുവാനുള്ള സൗകര്യം ഉൾപ്പെടെ ആലോചിക്കുകയുള്ളൂ എന്നും വൈൽഡ് ലൈഫ് വാർഡൻ സതീശൻ പറഞ്ഞു.കാപ്പുകാട് ആനപരിപാലന കേന്ദ്രത്തില്‍ 16 ആനകളാണ് ഉള്ളത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam