കലുങ്ക് നിര്‍മാണത്തിലെ അപാകത കൈയ്യോടെ പൊക്കി നാട്ടുകാര്‍; പ്രതിഷേധത്തിനൊടുവില്‍ കരാറുകാരന്‍ തന്നെ പൊളിച്ചു

Published : Feb 21, 2023, 04:31 PM ISTUpdated : Feb 21, 2023, 04:33 PM IST
കലുങ്ക് നിര്‍മാണത്തിലെ അപാകത കൈയ്യോടെ പൊക്കി നാട്ടുകാര്‍; പ്രതിഷേധത്തിനൊടുവില്‍ കരാറുകാരന്‍ തന്നെ പൊളിച്ചു

Synopsis

അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം ജെ.സി.ബി എത്തിച്ച് കരാറുകാരന്‍ തന്നെ നിര്‍മാണം പാളിച്ചു നീക്കുകയായിരുന്നു. കോണ്‍ക്രീറ്റ് മിക്‌സര്‍ മെഷീന്‍ ഉപയോഗിക്കാതെ കലുങ്കിന്റെ നിര്‍മാണം നടത്തിയത് വിവാദമായതിനെ തുടര്‍ന്നായിരുന്നു പൊളിച്ചു നീക്കിയത്. 

കല്‍പ്പറ്റ: കേണിച്ചിറ ടൗണില്‍ നിര്‍മാണത്തിലിരുന്ന കലുങ്ക് ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കരാറുകാരന്‍ തന്നെ പൊളിച്ചു നീക്കി. നിര്‍മാണത്തില്‍ അപാകത കണ്ടെത്തിയതോടെ നാട്ടുകാര്‍ കഴിഞ്ഞ ദിവസം പ്രതിഷേധവുമായെത്തിയിരുന്നു. സംഭവമറിഞ്ഞ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥന്‍ കലുങ്ക് പൊളിച്ചു നീക്കണമെന്ന നിര്‍ദ്ദേശം കരാറുകാരന് നല്‍കുകയായിരുന്നു.  അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം ജെ.സി.ബി എത്തിച്ച് കരാറുകാരന്‍ തന്നെ നിര്‍മാണം പാളിച്ചു നീക്കുകയായിരുന്നു. കോണ്‍ക്രീറ്റ് മിക്‌സര്‍ മെഷീന്‍ ഉപയോഗിക്കാതെ കലുങ്കിന്റെ നിര്‍മാണം നടത്തിയത് വിവാദമായതിനെ തുടര്‍ന്നായിരുന്നു പൊളിച്ചു നീക്കിയത്. ബീനാച്ചി  പനമരം റോഡ് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച വൈകീട്ടോടെ ആളുകള്‍ സംഘടിച്ചെത്തി പ്രതിഷേധം തീര്‍ത്തിരുന്നു. പ്രവര്‍ത്തകര്‍ ഒരു ഭാഗം പൊളിച്ചു നീക്കുകയും ചെയ്തു. ഇതിനിടെയാണ് രാത്രി കരാറുകാരന്‍ എത്തി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കലുങ്കിനായി ഒരുക്കിയ ഭിത്തികള്‍ പൊളിച്ചു മാറ്റിയത്.

ജനകീയ സമിതി പ്രസിഡന്റ് കെ.എ ജോര്‍ജിന്റെ നേതൃത്വത്തില്‍ കലുങ്കിലെ അപാകതകള്‍ ചൂണ്ടികാണിച്ച് ബന്ധപ്പെട്ട എ.ഇയെ പരാതി അറിയിച്ചിരുന്നു. എ.ഇയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു കരാറുകാരന്‍ പൊളിച്ചു നീക്കിയത്. ബീനാച്ചി  പനമരം റോഡിലെ ഏറ്റവും പ്രധാനപ്പെട്ട ടൗണായ കേണിച്ചിറയില്‍ പോലും കരാറുകാരന്‍ നിര്‍മാണത്തില്‍ വ്യാപക ക്രമക്കേടുകളാണ് കാട്ടുന്നത്. റോഡ് പ്രവൃത്തി ആരംഭിച്ചതു മുതല്‍ ജനകീയ സമിതി ഇത്തരത്തില്‍ ഒട്ടനവധി അപാകതകള്‍ കണ്ടെത്തി യഥാസമയം പരിഹരിക്കുകയായിരുന്നു. ഇത്തരക്കാര്‍ക്കെതിരെ നിയമ നടപടികള്‍ ഉണ്ടാവണമെന്ന് ജനകീയ സമിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

കേണിച്ചിറ ടൗണിന്റെ മധ്യത്തിലായി പുനര്‍ നിര്‍മിക്കുന്ന കലുങ്കിന്റെ പ്രവൃത്തിയിലാണ് കഴിഞ്ഞ ദിവസം അശാസ്ത്രീയത കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ മെഷീന്‍ ഉപയോഗിക്കാതെ തൂമ്പ ഉപയോഗിച്ച് കോണ്‍ക്രീറ്റ് നിലത്തിട്ട് കൂട്ടി നിര്‍മാണം നടത്തുന്നത് ഒരാള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഇതോടെ നാട്ടുകാരും വ്യാപാരികളുമെത്തി നിര്‍മാണം നിര്‍ത്തി വെപ്പിക്കുകയായിരുന്നു.

കേണിച്ചിറ ടൗണില്‍ നേരത്തെ ഉണ്ടായിരുന്ന കലുങ്ക് പുനര്‍ നിര്‍മിക്കാനായി 16 ദിവസം മുമ്പാണ് ഒരു ഭാഗം പൊളിച്ചു മാറ്റിയത്. പ്രവൃത്തികള്‍ നീണ്ടതിനെതിരെയും നാട്ടുകാരും വ്യാപാരികളും പ്രതിഷേധിച്ചിരുന്നു. തുടക്കത്തില്‍ കോണ്‍ഗ്രീറ്റ് മിക്‌സിംഗ് മെഷീന്‍ ഉപയോഗിച്ചുള്ള നിര്‍മാണമായിരുന്നു നടത്തിയത്. പ്രധാന ടൗണായതിനാല്‍ ഒട്ടേറെ വാഹനങ്ങള്‍ ഇതുവഴി കടന്നുപോവേണ്ടതാണ്. നിലവാരമില്ലാത്ത പ്രവൃത്തി റോഡിന്റെ തകര്‍ച്ചയ്ക്കിടയാക്കും. കലുങ്കിന് ആവശ്യത്തിന് ഉയരവും ഇല്ല. കലുങ്ക് പൊളിച്ചതോടെ നിലവില്‍ ഒരു വശത്തുകൂടിമാത്രമാണ് വാഹനങ്ങള്‍ കടന്നുപോവുന്നത്. ഇത് ഗതാഗതക്കുരുക്കിന് കാരണമാവുന്നുണ്ട്. അപാകതകള്‍ പരിഹരിച്ച് നിര്‍മാണം പുനരാരംഭിക്കണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു ജനകീയ സമിതിയുടെ പ്രതിഷേധം. വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയതാണ് ബീനാച്ചി-കേണിച്ചിറ-പനമരം റോഡിന്റെ നവീകരണം. ഇപ്പോഴും പലയിടങ്ങളിലും പ്രവൃത്തി പൂര്‍ത്തിയാക്കാനായിട്ടില്ല.

Read Also: മലപ്പുറം ന​ഗരസഭാ യോ​ഗത്തിൽ കയ്യാങ്കളി; ഏറ്റുമുട്ടി ഭരണ-പ്രതിപക്ഷ അംഗങ്ങള്‍

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്