
കല്‍പ്പറ്റ: വനത്തിനുള്ളിലൂടെ കടന്നുപോകുന്ന റോഡ് കോണ്‍ക്രീറ്റ് ചെയ്തതിന് സ്വകാര്യ റിസോര്‍ട്ട് അധികൃതര്‍ക്കെതിരെ കേസെടുത്ത് വനംവകുപ്പ്. കല്‍പ്പറ്റ റെയിഞ്ച് പരിധിയിലെ മണ്ടലഭാഗം വനത്തിലൂടെ പോകുന്ന റോഡാണ് ഇതിന് സമീപത്തെ ഗ്രീന്‍വുഡ് വില്ലാസ് റിസോര്‍ട്ടിന്റെ ആളുകള്‍ അനധികൃതമായി കോണ്‍ക്രീറ്റ് ചെയ്തതെന്ന് വനംവകുപ്പ് അറിയിച്ചു. നാട്ടുകാർ വിവരം നൽകിയതോടെ കല്‍പ്പറ്റ സെക്ഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥരെത്തി ഇത് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയും നടപടി സ്വീകരിക്കുകയുമായിരുന്നു.
ലക്കിടി മണ്ടമല ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ഗ്രീന്‍വുഡ് വില്ലാസ് റിസ്സോര്‍ട്ടിലേക്ക് സൗകര്യമൊരുക്കുന്നതിനായിരിക്കാം റോഡ് കോണ്‍ക്രീറ്റ് ചെയ്തതെന്നാണ് കരുതുന്നത്. വനഭൂമി കൈയ്യേറി പ്രവൃത്തി നടത്തി എന്നതടക്കമുള്ള ഗൗരവതരമായ കുറ്റങ്ങള്‍ സ്ഥാപനത്തിനെതിരെ ഉണ്ടായേക്കാം. സംഭവത്തില്‍ റിസ്സോര്‍ട്ട് അധികൃതരെ പ്രതിചേര്‍ത്ത് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പ്രവൃത്തിക്കുപയോഗിച്ചതെന്ന് കരുതുന്ന കെ എല്‍ 02 എ എ 4038 മഹീന്ദ്ര ജീപ്പും ആയുധങ്ങളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കി. വരുംദിവസങ്ങളില്‍ സംഭവത്തിന് ഉത്തരവാദികളായവരെ കൂടി പിടികൂടാനുള്ള നീക്കത്തിലാണ് വനംവകുപ്പ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam