
കോഴിക്കോട്: മീൻ വണ്ടി പരിശോധിച്ചപ്പോൾ 29 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. കോഴിക്കോട് ബീച്ച് കോർപ്പറേഷൻ ഓഫീസിന്‍റെ മുൻപിലെ റോഡിൽ നിന്നും മീൻ വണ്ടി പരിശോധിച്ചപ്പോഴാണ് 29 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേരെ പൊലീസ് പിടികൂടിയത്. മീൻ കയറ്റുന്ന പ്ലാസ്റ്റിക് ബോക്സിലായിരുന്നു കഞ്ചാവ്. സിറ്റി നാർക്കോട്ടിക്ക് അസിസ്റ്റന്‍റ് കമ്മീഷണർ ടി പി ജേക്കബിന്‍റെ നേത്യത്വത്തിലുള്ള ഡാൻസാഫ് , നാർക്കോട്ടിക്ക് ഷാഡോ ടീം, ടൗൺ എസ് ഐ സിയാദിന്റെ നേത്യത്വത്തിലുള്ള ടൗൺ പൊലീസും ചേർന്നാണ് ഇവരെ പിടികൂടിയത്.
പിക്കപ്പ് വാനിലുണ്ടായവരെ പൊലീസ് ചോദ്യംചെയ്തുവരുകയാണ്. അതേസമയം, ബൈക്കില്‍ കറങ്ങിനടന്ന് ലഹരി വസ്‍തുക്കള്‍ വില്‍പന നടത്തിയിരുന്ന യുവാവ് തിരുവനന്തപുരത്ത് അറസ്റ്റിലായിരുന്നു. മുട്ടത്തറ പഴഞ്ചിറ വി വൺ നഗറിൽ ദിനു ജയനെ (28 വയസ്സ്) ആണ് എക്സൈസ് ഇൻസ്പെക്ടർ വി.ജി സുനിൽ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. മണക്കാട് കൊഞ്ചിറവിളയിൽ വെച്ചായിരുന്നു ഇയാളെ പിടികൂടിയത്. ഇയാളുടെ കയ്യിൽ നിന്ന് 25 ഗ്രാം കഞ്ചാവ്, 2.855 ഗ്രാം എംഡിഎംഎ, കുപ്പി അടക്കം 3.73 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ കണ്ടെടുത്തു.
തൃശൂർ റെയിൽവെ സ്‌റ്റേഷനിൽ ട്രെയിൻ മാർഗ്ഗം ഹെറോയിൻ കടത്തിയ ആസാം സ്വദേശിനിയും കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. 9.66 ഗ്രാം ഹെറോയിനുമായി ആസാം നവ്ഗാവ് ജില്ല സ്വദേശി അസ്മര കാത്തൂൺ( 22 വയസ്സ് ) എന്ന യുവതിയാണ് പിടിയിലായത്. വസ്ത്രത്തിനുള്ളിൽ രഹസ്യ അറ ഉണ്ടാക്കി അതിനുള്ളിൽ ഒളിപ്പിച്ചിരുന്ന മയക്കുമരുന്ന് സ്‌പെഷ്യൽ സ്‌ക്വാഡ് വിമണ്‍ സിവില്‍ എക്സൈസ് ഓഫീസര്‍ പിങ്കി മോഹൻദാസ് ദേഹ പരിശോധന നടത്തി കണ്ടെത്തുകയായിരുന്നു. എക്സൈസ് കമ്മീഷണറുടെ മധ്യമേഖല സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ജുനൈദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam