
തൃശൂര്‍: ചാലിശേരി കറുകപുത്തൂര്‍ സ്വദേശികളായ രണ്ടംഗ അന്തര്‍ ജില്ലാ ബാറ്ററി മോഷണസംഘം അറസ്റ്റില്‍. അറസ്റ്റിലായവര്‍ ഡ്രൈവര്‍മാരാണ്. ഇവരില്‍നിന്ന് 30 ടോറസ് ലോറി ബാറ്ററികള്‍ കണ്ടെടുത്തു. ചങ്ങനാശേരി വീട്ടില്‍ നൗഷാദ്, പുത്തന്‍പീടികക്കല്‍ വീട്ടില്‍ ഷക്കീര്‍ എന്നിവരെ കറുകപുത്തൂരില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിര്‍ത്തിയിട്ട ലോറികളില്‍നിന്ന് നിരവധി ബാറ്ററികളാണ് പ്രതികള്‍ കവര്‍ന്നത്. ഇവരില്‍നിന്നും മുപ്പതിലേറെ ബാറ്ററികളും പൊലീസ് കണ്ടെടുത്തു. പിടിച്ചെടുത്ത ബാറ്ററികള്‍ ചാലിശേരി പൊലീസ് സ്റ്റേഷനിലെത്തിച്ചു.
ടോറസ് ലോറികളുടെ ബാറ്ററികളാണ് പ്രതികള്‍ പ്രധാനമായും മോഷ്ടിച്ചെടുത്തിരുന്നത്. ലോറി ഡ്രൈവര്‍മാരായ പ്രതികള്‍ ജോലിയില്ലാത്ത സമയങ്ങളിലാണ് ബാറ്ററി മോഷണത്തിനറങ്ങുക. ഇത്തരത്തില്‍ നൂറോളം ടോറസ് ലോറികളുടെ ബാറ്ററികള്‍ മോഷ്ടിച്ചതായി പ്രതികള്‍ കുറ്റസമ്മതം നടത്തിയതായി ചാലിശേരി ഇന്‍സ്‌പെക്ടര്‍ സതീഷ്‌കുമാര്‍ പറഞ്ഞു. കൂട്ടുപാതയിലെ വര്‍ക്ക് ഷോപ്പില്‍നിന്നും ബാറ്ററി മോഷണം പോയ സംഭവത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെക്കുറിച്ചുള്ള സൂചനകള്‍ പോലീസിന് ലഭിക്കുന്നത്.
തുടര്‍ന്ന് നിരീക്ഷണ കാമറ ഉള്‍പ്പെടെയുള്ളവ പരിശോധിച്ച പൊലീസ് കറുകപുത്തൂരില്‍ നിന്ന് പ്രതികളെ പിടികൂടുകയായിരിന്നു. മൂന്ന് മാസക്കാലത്തിലേറെയായി പ്രതികള്‍ ഇത്തരത്തില്‍ മോഷണം നടത്തിവരികയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തൃത്താല, ചാലിശേരി, പട്ടാമ്പി, എരുമപ്പെട്ടി, ചെറുതുരുത്തി ഭാഗങ്ങളില്‍നിന്നുമാണ് പ്രതികള്‍ പ്രധാനമായും മോഷണം നടത്തിയിട്ടുള്ളത്. പകല്‍ കറങ്ങി നടന്ന് കണ്ടെത്തുന്ന ടോറസ് ലോറികളില്‍നിന്നും രാത്രിയിലെത്തി ബാറ്ററികള്‍ അഴിച്ചെടുത്ത് വില്‍പ്പന നടത്തുന്നതാണ് പ്രതികളുടെ രീതി.
25000 രൂപ വിലവരുന്ന ബാറ്ററികളാണ് പ്രതികള്‍ കവര്‍ച്ച ചെയ്ത ശേഷം തൂക്കിവിറ്റിരുന്നത്. ബാറ്ററി മോഷ്ടാക്കളെ പിടികൂടിയതറിഞ്ഞ് നിരവധി ലോറി ഉടമകളും ഡ്രൈവര്‍മാരും ചാലിശേരി പോലീസ് സ്റ്റേഷനിലെത്തി. പലരും തങ്ങളുടെ വാഹനത്തില്‍നിന്നും മോഷണം പോയ ബാറ്ററികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥരായ ജോളി സെബാസ്റ്റ്യന്‍, റഷീദ് അലി, അബ്ദുല്‍ റഷീദ്, ഋഷിപ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam