
കോട്ടയം: മറിയപ്പള്ളിയിൽ പാറമടക്കുളത്തിലേക്ക് ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. തിരുവനന്തപുരം പാറശ്ശാല സ്വദേശി അജികുമാർ ആണ് മരിച്ചത്. ഇന്നലെ രാത്രി വളം ശേഖരിച്ച ശേഷം മടങ്ങുമ്പോൾ ലോറി നിയന്ത്രണം തെറ്റി അറുപതടി താഴ്ചയുള്ള കുളത്തിലേക്ക് മറിയുകയായിരുന്നു. ആഴങ്ങളിലേക്ക് ആണ്ടുപോയ ലോറിയെ ഏറെ ശ്രമകരമായ ദൗത്യത്തിന് ഒടുവിലാണ് പുറത്തെടുക്കാൻ കഴിഞ്ഞത്.
ഇന്നലെ രാത്രിയിലെ രക്ഷാപ്രവർത്തനം വിഫലമായതിനെ തുടർന്ന് ഇന്ന് രണ്ട് ക്രെയിനുകൾ എത്തിച്ച് തെരച്ചിൽ തുടരുകയായിരുന്നു. ഏറെ മണിക്കൂറുകൾ നീണ്ട ശ്രമകരമായ ദൗത്യത്തിന് ഒടുവിലാണ് ലോറി പാറമടക്കുളത്തിൽ നിന്ന് ഉയർത്തിയെടുക്കാൻ കഴിഞ്ഞത്. ലോറിയിലെ ക്യാബിനിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു അജികുമാറിന്‍റെ മൃതദേഹം.
ചളിയും മാലിന്യങ്ങളും ചതുപ്പും നിറഞ്ഞ കുളത്തിലെ വാഹനത്തിന്‍റെ സ്ഥാനം കണ്ടെത്താൻ തന്നെ ഏറെ സമയം എടുത്തു. സ്കൂബാ ഡൈവിംഗ് സംഘത്തിന് വെള്ളത്തിന് അടിയിലെ വാഹനത്തിന് അടുത്തെത്താൻ കഴിഞ്ഞതുമില്ല. ലോറി കൂടുതൽ ആഴത്തിലേക്ക് നീങ്ങുകയും ചെയ്തു. ആദ്യ ശ്രമത്തിൽ റോപ്പ് പൊട്ടിപോകുന്ന അനുഭവവും ഉണ്ടായി. ഇതോടെ കുളത്തിലെ വെള്ളം വറ്റിക്കാൻ വലിയ യന്ത്രങ്ങളുള്ള ട്രാക്ടറുകൾ എത്തിക്കാൻ നീക്കമുണ്ടായി. നേവിയുടെ സഹായം തേടാനും ധാരണയായി. ഇതിനിടയിൽ നിരന്തര ശ്രമത്തിനൊടുപ്പിൽ സ്കൂബാ ഡൈവിംഗ് സംഘം ലോറിയുടെ ഷാസിയിൽ റോപ്പ് ഉറപ്പിച്ചു. പിന്നീട് രണ്ട് ക്രെയിനുകളുടെ സഹായത്തോടെ ലോറി ഉയർത്തുകയായിരുന്നു.
സ്ഥലപരിമിതിയും രക്ഷാപ്രവർത്തകർക്ക് ഏറെ വെല്ലുവിളി ഉയർത്തി. ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു അപകടം. വളം കയറ്റുമ്പോൾ തന്നെ അജികുമാർ ചില അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു.