കാലവര്‍ഷം: 574 മൃഗങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു; ക്ഷീരമേഖലയില്‍ 42.85 ലക്ഷത്തിന്റെ നഷ്ടം

Published : Aug 06, 2022, 05:30 PM IST
കാലവര്‍ഷം:  574 മൃഗങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു;  ക്ഷീരമേഖലയില്‍ 42.85 ലക്ഷത്തിന്റെ നഷ്ടം

Synopsis

സംസ്ഥാനത്താകെ 40 മൃഗസംരക്ഷണ ക്യാമ്പുകളിലായി 574 മൃഗങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇവയ്ക്ക് ആവശ്യമായ ചികിത്സ, തീറ്റ എന്നിവയും നല്‍കിവരുന്നതായി മന്ത്രി അറിയിച്ചു. 

കേരളത്തില്‍ കഴിഞ്ഞ ഒരാഴ്ചയിലുണ്ടായ കാലവര്‍ഷക്കെടുതിയില്‍ ക്ഷീര മേഖലയില്‍ ലക്ഷങ്ങളുടെ നാശനഷ്ടം. മൃഗസംരക്ഷണവകുപ്പാണ് കാലവര്‍ഷക്കെടുതിയില്‍ കര്‍ഷകര്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ കണക്കാക്കിയത്. ഇതിനോടകം 42.85 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് ലഭ്യമായ കണക്കുകള്‍.

കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിച്ച ക്ഷീരകര്‍ഷകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. 

കാലവര്‍ഷം ശക്തി പ്രാപിച്ച സാഹചര്യത്തില്‍ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍മാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ ജില്ലകളിലും ചീഫ് വെറ്ററിനറി ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നതായി മന്ത്രി അറിയിച്ചു് 

എല്ലാ ജില്ലകളിലും താലൂക്ക് തലത്തിലും ദ്രുതകര്‍മ്മ സേന പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. പ്രകൃതിക്ഷോഭ സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി മൃഗങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക്  മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ 40 മൃഗസംരക്ഷണ ക്യാമ്പുകളിലായി 574 മൃഗങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇവയ്ക്ക് ആവശ്യമായ ചികിത്സ, തീറ്റ എന്നിവയും നല്‍കിവരുന്നതായി മന്ത്രി അറിയിച്ചു. 

കര്‍ഷകര്‍ക്ക് നേരിട്ട നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തി നഷ്ടപരിഹാരത്തുക എത്രയും വേഗത്തില്‍ ലഭ്യമാക്കുവാന്‍ ദുരന്ത നിവാരണ വകുപ്പിലേക്ക് പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

വീണ്ടുമൊരു പ്രളയം വരികയാണെന്ന ഭീതിയുണര്‍ത്തുന്ന വിധത്തിലുള്ള അതി തീവ്രമഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലുണ്ടായത്. പുഴകള്‍ നിറഞ്ഞു കവിഞ്ഞു. അണക്കെട്ടുകളില്‍ പലതും തുറന്നു. ഒരുപാടിടങ്ങളില്‍ വീടുകളില്‍ വെളളം കയറി. മലയിടിച്ചിലിലും ഉരുള്‍പ്പൊട്ടലിലും മരണങ്ങളുണ്ടായി. ഭീതി പടര്‍ത്തിയ മഴയ്ക്ക് ഇപ്പോഴാണ് നേരിയ ശമനമായത്. 

പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണം ആഗോള കാലാവസ്ഥയിലുണ്ടായ വ്യതിയാനങ്ങളാണെന്ന് വിലയിരുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാറില്‍ പറഞ്ഞിരുന്നു. മുന്നറിയിപ്പുകളും ഡാറ്റാ വിശകലനങ്ങള്‍ക്കും അപ്പുറം പ്രകൃതി ദുരന്തങ്ങള്‍ മറികടക്കാന്‍ ഫലപ്രദമായ  നിര്‍ദ്ദേശങ്ങള്‍ ഉയരണം. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഐടിസിയുടെ വ്യാജ ലേബൽ, എത്തിച്ചത് കംബോഡിയയിൽ നിന്ന്; കൊല്ലത്ത് 145 പാക്കറ്റ് വ്യാജ സിഗരറ്റുമായി രണ്ട് പേർ അറസ്റ്റിൽ
കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ