
ചേർത്തല: വളര്‍ത്തു കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു. വയലാർ പഞ്ചായത്തിലെ ആറാം വാർഡിൽ ഗോപാലകൃഷ്ണ മന്ദിരത്തിൽ എം ശിവശങ്കരന്‍റെ വീട്ടിലെ 140 കോഴികളെയാണ് തെരുവുനായകൾ കടിച്ചു കൊന്നത്. വിആർവിഎംജി എച്ച്എസ്എസിന് സമീപമാണിത്.
തിങ്കളാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം. കോഴികളെ വളർത്തുന്ന കൂടിന്റെ വാതിൽ പൊളിച്ചാണ് നായകൾ അകത്തു കയറിയത്. രണ്ട് മാസത്തോളം പ്രായമായ മുട്ടക്കോഴികളെയാണ് കൊന്നത്. വയലാർ മേഖലയിൽ തെരുവുനായകളുടെ ശല്യം ഏറെ രൂക്ഷമാണ്.
തെരുവു നായ ശല്യം കുറക്കാൻ സർക്കാരിന്റെ പുതിയ പദ്ധതികൾ
തെരുവുനായ വന്ധ്യംകരണത്തിനായി തദ്ദേശ സ്വയംഭരണ വകുപ്പ് 152 ബ്ലോക്കുകളിലായി മൊബൈൽ പോർട്ടബിൾ എബിസി കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. തെരുവുനായകളുടെ വാക്സിനേഷനായി ആഗസ്റ്റ് മാസത്തിൽ വിപുലമായ വാക്സിനേഷൻ യജ്ഞം നടത്തും. തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ, തദ്ദേശ സ്വയംഭരണ, നിയമ വകുപ്പുകളുടെ സംയുക്ത ചർച്ചയ്ക്കു ശേഷം മന്ത്രി അറിയിച്ചതാണിത്.
പട്ടിപിടുത്തത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെ പരിശീലനം നേടിയ 158 പേർ ഉണ്ട്. തദ്ദേശ സ്ഥാപനങ്ങൾ കുടുംബശ്രീ മുഖേന കൂടുതൽ പേരെ കണ്ടെത്തും. എബിസി കേന്ദ്രത്തിനായി പട്ടിയെ പിടിക്കുന്നവർക്ക് 300 രൂപ നൽകും. വന്ധ്യംകരണത്തിനായി ഇന്ത്യൻ വെറ്ററിനറി അസോസിയേഷന്റെ സേവനം പ്രയോജനപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പശുക്കളിൽ ചിപ്പ് ഘടിപ്പിക്കുന്നതുപോലെ ഇനി മുതൽ നായ്ക്കളിലും ചിപ്പ് ഘടിപ്പിക്കും. പന്ത്രണ്ടക്ക നമ്പർ അടങ്ങിയ ചിപ്പിലൂടെ മേൽവിലാസവും വാക്സിനേഷൻ എടുത്തിട്ടുണ്ടോയെന്നും ലൈസൻസ് ഉണ്ടോയെന്നും അറിയാനാകുമെന്നും മന്ത്രി അറിയിച്ചു. സെപ്റ്റംബറിൽ വളർത്തു നായകൾക്ക് വാസ്‌കിനേഷനും ലൈസൻസും ലഭ്യമാക്കാനായി ക്യാമ്പ് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam