
കായംകുളം: നാല് മാസം മുമ്പ് നഷ്ടപ്പെട്ട ഒരു പവൻ സ്വർണമാല സിഎംഎസ് ഹൈസ്കൂൾ മൈതാനത്ത് നിന്ന് തിരികെ ലഭിച്ചു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ പുതുപ്പള്ളി സിഎസ്ഐ പള്ളിയിൽ നടന്ന വിവാഹത്തിൽ പങ്കെടുക്കവേ നഷ്ടപ്പെട്ട മാലയാണ് സിഎംഎസ് ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ വിശാലിന് ലഭിച്ചത്. പുതുപ്പള്ളി തയ്യിൽ കിഴക്കതിൽ വിശ്വകുമാറിന്റെയും രഞ്ചുവിന്റെയും മകനാണ് വിശാൽ. ഒരു പവൻ തൂക്കമുള്ള മാല ലഭിച്ച ഉടൻ വിശാൽ സ്കൂൾ ഹെഡ്മാസ്റ്റർ ജിബി എബ്രഹാം ജോർജ് സാറിനെ ഏൽപിച്ചു. അധ്യാപകർ നടത്തിയ അന്വേഷണത്തിൽ ഈ സ്കൂളിലെ പൂർവ വിദ്യാര്‍ത്ഥിയായ അനന്തുവിന്റെ മകൾ തൻവിയുടേതാണ് മാല എന്ന് തിരിച്ചറിയുകയും തൻവിയുടെ മുത്തശ്ശി വിദ്യാലയത്തിൽ എത്തി സ്വർണ്ണമാല ഏറ്റുവാങ്ങുകയും ചെയ്തു. വിശാലിന്റെ സത്യസന്ധതയെയും വിശാല മനസിനെയും അഭിനന്ദിച്ചുകൊണ്ട് സ്കൂളിൽ പ്രത്യേക അസംബ്ലി ചേരുകയുണ്ടായി. സി എം എസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഗൗരി വിശ്വകുമാർ വിശാലിന്റെ സഹോദരിയാണ്.