
ആലപ്പുഴ: അഞ്ചുദിവസം... ഒട്ടേറെ ആളുകളുടെ പ്രാർഥനയും തിരച്ചലും. ഒടുവിൽ ‘നോവ’ തിരികെയെത്തി. കണ്ണീരോടുകൂടിയ തിരിച്ചുകിട്ടൽ നിമിഷം കണ്ടുനിന്നവരെയും വികാരാധീനരാക്കി. ഒരു നഷ്ടം സ്നേഹമായി തിരിച്ചു കിട്ടിയ കഥയാണ് കൊമ്മാടി കുരിശിങ്കൽ വീട്ടിൽ ആതിരാ ജിമിലേഷിന് പറയാനുള്ളത്. നവംബർ 27-നാണ് നോവ എന്ന പോമറേറിയൻ നായയെ വീട്ടുപടിക്കൽനിന്ന് നഷ്ടമായത്. സമീപത്തെ പള്ളിപ്പെരുന്നാളിന്റെ ഭാഗമായി പുലർച്ചെ പടക്കംപൊട്ടിയിരുന്നു. ഈ ശബ്ദം കേട്ടാവാം നായ പുറത്തേക്കോടിയതെന്ന് കരുതുന്നു.
പിന്നീട് സമീപപ്രദേശങ്ങളിലെല്ലാം തിരച്ചിൽ നടത്തി. സമീപവാസികളും നോവയെ തിരക്കിയിറങ്ങി. സമൂഹമാധ്യമങ്ങൾ വഴിയും നായയുടെ ചിത്രം പ്രചരിപ്പിച്ചു. ഒടുവിൽ പൂങ്കാവ് പ്രദേശത്ത് കണ്ടതായി പറഞ്ഞ് അന്വേഷിക്കുന്നതിനിടെയാണ് ചൂണ്ടിയിലുണ്ടെന്നും സുരക്ഷിതമായി ഇരിക്കുന്നുവെന്നും ആതിര അറിയുന്നത്. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ കൈചൂണ്ടി ജങ്ഷനിലെ ജ്വല്ലിറി ഉടമയായ എബി തോമസാണ് നായയെ കണ്ടത്. കഴുത്തിലെ ബെൽറ്റ് കണ്ട് വളർത്തുനായയാണെന്ന് മനസ്സിലാക്കി ആദ്യം ഭക്ഷണവും വെള്ളവും നൽകി.
തുടർന്ന് നായയുടെ ചിത്രം സുഹൃത്തിന് അയച്ചുനൽകി. ഇത് ആതിരയുടെ സമീപവാസിക്ക് കിട്ടുകയും നോവയെന്ന് തിരിച്ചറിയുകയുമായിരുന്നു. ഒരുമണിക്കൂറിനുള്ളിൽ ഉടമ എത്തി. നായയെ കണ്ടതും കണ്ണീരോടെ ആതിര ഏറ്റുവാങ്ങി. ഉടമയെ കണ്ട സന്തോഷം നോവയും പ്രകടിപ്പിച്ചു. അമ്മ രേണുകയും ആതിരയും മാത്രമുള്ള വീട്ടിലെ സന്തോഷമായിരുന്നു നോവ. നഷ്ടപ്പെട്ട നിമിഷം മുതൽ അനുഭവിച്ച് പ്രയാസം ഏറെയായിരുന്നെന്ന് ആതിര പറയുന്നു. അതേസമയം ഗോൾഡ് മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കൂടിയായ എബിക്കും ഇതേ അനുഭവമുണ്ടായിട്ടുണ്ടെന്നും അതാണ് ഈ പ്രവൃത്തിക്ക് കാരണമായതെന്നും എബി പറഞ്ഞു.