ലോട്ടറി തിരിമറിയോ? 22,000 ടിക്കറ്റുകൾ കാണാനില്ല, മലപ്പുറം ലോട്ടറി ഓഫീസിൽ മിന്നൽ പരിശോധന

By Web TeamFirst Published Sep 6, 2019, 5:11 PM IST
Highlights

മലപ്പുറം തിരൂരിലെ ലോട്ടറി ഓഫീസിലാണ് ടിക്കറ്റ് തിരിമറി നടന്നെന്ന് സംശയമുയർന്നിരിക്കുന്നത്. ഒറ്റയടിക്ക് ഇവിടെ നിന്ന് കാണാതായത് 22,000 ലോട്ടറികളാണ്. 

മലപ്പുറം: തിരൂരിലെ ലോട്ടറി വകുപ്പിന്‍റെ ഓഫീസിൽ ടിക്കറ്റ് തിരിമറി. 22,000 ടിക്കറ്റുകളാണ് ഇവിടെ നിന്ന് കാണാതായത്. ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥർ കമ്മീഷൻ കൈപ്പറ്റി ടിക്കറ്റുകൾ ഏജന്‍റുമാർക്ക് സൗജന്യമായി കൈമാറിയെന്നാണ് സൂചന ലഭിക്കുന്നത്. തിരൂർ സബ് ഓഫീസിൽ ലോട്ടറി വകുപ്പ് ഓഡിറ്റ് വിഭാഗം പരിശോധന നടത്തുകയാണിപ്പോൾ. 

സംഭവത്തിൽ ധനമന്ത്രി ലോട്ടറി ഡയറക്ടർ അമിത് മീണയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. അന്വേഷിച്ച് വിശദമായ റിപ്പോർട്ട് നൽകാനാണ് ധനമന്ത്രി തോമസ് ഐസക് നൽകിയിരിക്കുന്ന നിർദേശം. 

ഗുരുതരമായ ക്രമക്കേട് നടന്നെന്നാണ് സൂചന. ഇന്ന് നറുക്കെടുക്കുന്ന ബർമൻ ഭാഗ്യക്കുറിയുടെ 12,000 ടിക്കറ്റ്, നാളെ നറുക്കെടുക്കുന്ന കാര്യയുടെ 10,000 ടിക്കറ്റ് എന്നിവയാണ് ലോട്ടറി ഓഫീസിൽ നിന്ന് കാണാതായിരിക്കുന്നത്. ആകെ കാണാതായിരിക്കുന്നത് 22,000 ടിക്കറ്റുകൾ. ലക്ഷക്കണക്കിന് രൂപ വില വരുന്ന ടിക്കറ്റുകളാണിത്. 

ഇത്തരത്തിൽ ടിക്കറ്റുകൾ കാണാതായെന്ന സൂചന കിട്ടിയതിന് പിന്നാലെ ഓഡിറ്റ് വിഭാഗം തിരൂർ സബ് ഓഫീസിലെത്തി പരിശോധന നടത്തുകയായിരുന്നു. മുൻകൂർ പണമടച്ചാണ് സാധാരണ ഏജന്‍റുമാർക്ക് ടിക്കറ്റ് നൽകാറുള്ളത്. അതിന് പകരം സൗജന്യമായി ടിക്കറ്റ് ഏജന്‍റുമാർക്ക് നൽകി ഉദ്യോഗസ്ഥർ കമ്മീഷൻ പറ്റിയെന്ന സൂചനകളാണിപ്പോൾ പുറത്തുവരുന്നത്.

നിലവിൽ ഇന്നും നാളെയും നറുക്കെടുക്കുന്ന ടിക്കറ്റുകളുടെ തിരിമറി മാത്രമാണിപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇതിന് മുമ്പും ഇത്തരം തിരിമറികൾ നടന്നിട്ടുണ്ടോ എന്നത് വ്യക്തമല്ല. ഇത് കൂടി വ്യക്തമാകാനാണ് ഓഡിറ്റ് വിഭാഗം പരിശോധന നടത്തുന്നത്. രഹസ്യവിവരത്തെത്തുടർന്നാണ് നിലവിൽ ഇത്തരമൊരു മിന്നൽ പരിശോധന നടത്താൻ ഓഡിറ്റ് വിഭാഗം എത്തിയത്. 

click me!