
ചേർത്തല: നഗരത്തിലെ ഭാഗ്യക്കുറി വില്പനശാലയിൽ വൻ മോഷണം. 2.16 ലക്ഷം രൂപ വിലവരുന്ന ലോട്ടറി ടിക്കറ്റുകളും കൗണ്ടറിൽ സൂക്ഷിച്ചിരുന്ന പതിനായിരത്തോളം രൂപയും മോഷ്ടാവ് കവർന്നു. ചേർത്തല ദേവീ ക്ഷേത്രത്തിന് സമീപത്തെ പള്ളിക്കാവ് വെളി ലത ബാബുവിന്റെ ഉടമസ്ഥതയിലുള്ള 'ബ്രദേഴ്‌സ്' ഭാഗ്യക്കുറി വിൽപ്പനശാലയിലാണ് തിങ്കളാഴ്ച പുലർച്ചെ മോഷണം നടന്നത്. സമീപത്തെ വീടിന്റെ ഗേറ്റ് ചാടിക്കടന്ന് കടയുടെ മതിലിനുള്ളിൽ പ്രവേശിച്ച മോഷ്ടാവ്, കടയുടെ വടക്കുഭാഗത്തുള്ള ജനൽ പാളി തുറന്ന് കമ്പി അറുത്തുമാറ്റി, കൈവശമുണ്ടായിരുന്ന കമ്പിപ്പാര ഉപയോഗിച്ച് ഗ്രിൽ തകർത്താണ് അകത്തുകടന്നത്.
തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ നറുക്കെടുക്കുന്ന ഭാഗ്യധാര, സ്ത്രീശക്തി, ധനലക്ഷ്മി എന്നിവയുടെ 5143 ലോട്ടറി ടിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. തിങ്കളാഴ്ച രാവിലെ കട തുറക്കാനായി ജീവനക്കാരൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് ചേർത്തല പൊലീസ് സ്ഥലത്തെത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പുലർച്ചെ 2.45-ന് മോഷ്ടാവ് നീല മഴക്കോട്ടണിഞ്ഞ് തുണികൊണ്ട് മുഖം മറച്ച് എത്തുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ആലപ്പുഴയിൽ നിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
കടയ്ക്കുള്ളിൽ മണം പിടിച്ച പൊലീസ് നായ വടക്കോട്ട് നടന്ന് നടക്കാവ് റോഡുവഴി പടിഞ്ഞാറ് പാരഡൈസ് സിനിമ തിയേറ്ററിന് മുന്നിൽ ചെന്ന് നിന്നു. മോഷ്ടാവിനെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി സ്റ്റേഷൻ ഹൗസ് ഓഫിസര്‍ ലൈസാദ് മുഹമ്മദ് അറിയിച്ചു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam