
പാലക്കാട്: പാലക്കാട് കിഴക്കഞ്ചേരിയിൽ ജനവാസ മേഖലയിൽ നിന്നും വമ്പൻ മലമ്പാമ്പിനെ പിടികൂടി. കിഴക്കഞ്ചേരി കോരഞ്ചിറയിൽ ഇന്നലെ അർധ രാത്രിയോട് കൂടിയാണ് മലമ്പാമ്പിനെ നാട്ടുകാർ കണ്ടത്. പാമ്പ് റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാർ പാമ്പിനെ കണ്ടത്. ഉടൻ തന്നെ വനം വകുപ്പിനെ വിവരമറിയിക്കാൻ ശ്രമിച്ചെങ്കിലും, വനം വകുപ്പിന് എത്താൻ കഴിയില്ല എന്നറിഞ്ഞതോടെയാണ് നാട്ടുകാർ തന്നെ ധൈര്യം സംഭരിച്ച് ഭീമൻ മലമ്പാമ്പിനെ പിടികൂടാൻ തീരുമാനിച്ചത്. ഒടുവിൽ നാട്ടുകാരുടെ പരിശ്രമം വിജയം കണ്ടു. പാമ്പിനെ പിടികൂടി നാട്ടുകാർ ചാക്കിലാക്കി. പിന്നീട് ഈ 'ഭീമനെ' വനംവകുപ്പിന് കൈമാറുകയും ചെയ്തു.
നമ്മുക്കെല്ലാവർക്കും പേടിയുള്ള ഒന്നാണ് പാമ്പുകൾ. പാമ്പുകളിൽ വിഷമുള്ളവയും ഇല്ലാത്തവയുമുണ്ട്. രാത്രി കാലങ്ങളിൽ യാത്ര ചെയ്യുമ്പോൾ പാമ്പ് കടിയേൽക്കുകയും എന്താണ് സംഭവിച്ചത് എന്നറിയാതെ ചികിത്സ വൈകിയത് മൂലം മരണത്തിൽ വരെ കലാശിക്കുകയും ചെയ്ത പല സംഭവങ്ങളും നാം കേട്ടിട്ടുണ്ട്. 'വിദഗ്ധരല്ലാത്ത ആളുകൾക്ക് വിഷപ്പാമ്പും വിഷമില്ലാത്ത പാമ്പും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ കഴിയില്ല. മാത്രമല്ല പാമ്പുകടിയേറ്റു ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്നു. 99% ആളുകളും പാമ്പ് കടിച്ച സ്ഥലത്ത് അത് കൂടുതൽ പടരാതിരിക്കാൻ മുറിവ് ചുറ്റും തോർത്ത് കൊണ്ടോ അല്ലെങ്കിൽ എന്തെങ്കിലും കയറ് കൊണ്ടോ കെട്ടിവയ്ക്കാറുണ്ട്. ഏറ്റവും വലിയ മണ്ടത്തരങ്ങളിലൊന്നാണ് ഇത്...' - സുൽത്താൻപൂരിലെ ബാൽദിരായിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. രാജേഷ് കുമാർ പ്രജാപതി പറയുന്നു. ഇത് രക്തപ്രവാഹം തടയുകയും ടിഷ്യൂകൾക്ക് കേടുപാടുകൾ വരുത്തുകയും പക്ഷാഘാതം ഉണ്ടാകുന്നതിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും സ്ഥിതി ചെയ്യുന്ന കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിൽ ആന്റി സ്നേക്ക് വെനം വാക്സിൻ ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പാമ്പ് കടിയേറ്റാൽ ഉടൻ തന്നെ രോഗിയെ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടെത്തിക്കണമെന്നും ഡോ. രാജേഷ് കുമാർ പറയുന്നു. കടിയേറ്റ പാമ്പ് വിഷമുള്ളതാണോ വിഷമില്ലാത്തതാണോ എന്ന് തിരിച്ചറിയാനും ആശുപത്രികളിലെ രക്തപരിശോധനയിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'പാമ്പുകടിയേറ്റാൽ ആദ്യം ചെയ്യേണ്ടത് പരിഭ്രമിക്കാതിരിക്കുക എന്നതാണ്. കടിയേറ്റവർ ഭയന്ന് ഓടരുത്. വിഷം പെട്ടെന്ന് ശരീരത്തിലാകെ വ്യാപിക്കാൻ കാരണകാും. കടിയേറ്റ ഭാഗത്തെ വിഷം കലർന്ന രക്തം ഞെക്കിക്കളയുകയോ, കീറി എടുക്കാനോ ശ്രമിക്കരുത്...' - ഡോ. രാജേഷ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam