ഫണ്ട് അപര്യാപ്തം: വയനാട്ടില്‍ കാട്ടുതീ പ്രതിരോധം പാളും

By Web TeamFirst Published Jan 27, 2019, 5:10 PM IST
Highlights

വയനാട് വന്യജീവി സങ്കേതത്തിന്റെ പരിധിയില്‍ വരുന്ന നാല് റെയ്ഞ്ചുകളില്‍ 199.5 കിലോമീറ്റര്‍ ദൂരത്തിലാണ് ഇത്തവണ ഫയര്‍ലൈന്‍ നിര്‍മിക്കുന്നത്. കഴിഞ്ഞ വര്‍ഷം 221 കിലോമീറ്ററും തൊട്ടുമുമ്പുള്ള വര്‍ഷം 475 കിലോമീറ്ററും ആയിരുന്നു ഫയര്‍ലൈനിന്റെ നീളം

കല്‍പ്പറ്റ: വേനല്‍ക്കാലത്ത് വയനാട്ടില്‍ ഏറെ ഭീഷണിയുണ്ടാക്കുന്ന കാട്ടുതീ തടയാന്‍ വേണ്ടത്ര ഫണ്ട് അനുവദിക്കാതെ സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷത്തെ ഫണ്ടുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇത്തവണ അനുവദിച്ച തുക അപര്യാപത്മാണെന്നാണ് വിലയിരുത്തല്‍. 82.5 ലക്ഷം രൂപയാണ് വയനാട് വന്യജീവി സങ്കേതത്തെ കാട്ടുത്തീയില്‍ നിന്ന് സംരക്ഷിക്കാനുള്ള പ്രതിരോധ പ്രവൃത്തികള്‍ക്കായി അനുവദിച്ചിരിക്കുന്നത്.

79.25 ലക്ഷം രൂപയായിരുന്നു കഴിഞ്ഞ വര്‍ഷം അനുവദിച്ചിരുന്നത്. അതേ സമയം 2017ല്‍ 92 ലക്ഷം രൂപ അനുവദിച്ചിരിക്കെയാണ് ഇത്തവണ തുകയില്‍ കുറവ് വരുത്തിയിരിക്കുന്നത്. ഈ തുക കൊണ്ട് എല്ലായിടങ്ങളിലും ഫയര്‍ലൈന്‍ നിര്‍മിക്കാന്‍ കഴിയില്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.

വയനാട് വന്യജീവി സങ്കേതത്തിന്റെ പരിധിയില്‍ വരുന്ന നാല് റെയ്ഞ്ചുകളില്‍ 199.5 കിലോമീറ്റര്‍ ദൂരത്തിലാണ് ഇത്തവണ ഫയര്‍ലൈന്‍ നിര്‍മിക്കുന്നത്. കഴിഞ്ഞ വര്‍ഷം 221 കിലോമീറ്ററും തൊട്ടുമുമ്പുള്ള വര്‍ഷം 475 കിലോമീറ്ററും ആയിരുന്നു ഫയര്‍ലൈനിന്റെ നീളം.

എന്നാല്‍, ഇത്തവണ ഫയര്‍ലൈനിന് പുറമെ താല്‍ക്കാലിക ഫയര്‍വാച്ചര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കും. 150 പേരെ നിയമിക്കാനാണ് തീരുമാനമായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 114 പേരുള്ളടത്താണ് എണ്ണം കൂട്ടിയത്. അനുവദിച്ച 82.5 ലക്ഷം രൂപയില്‍ 47.4 ലക്ഷം ഫയര്‍ലൈന്‍ നിര്‍മിക്കുന്നതിനും 35.1 ലക്ഷം വാച്ചര്‍മാരെ നിയമിക്കുന്നതിനുമായി ഉപയോഗിക്കും.

ഫയര്‍ലൈനിന്റെ നിര്‍മാണ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. രണ്ടു വര്‍ഷം മുമ്പ് ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തില്‍ വന്‍ അഗ്നിബാധ ഉണ്ടായിരുന്നു. എന്നാല്‍, വയനാട്ടിലെ കാടുകളിലേക്ക് ഇത് പടരാതെ നിന്നത് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

വേനല്‍ മഴ ലഭിച്ചില്ലെങ്കിലും അടുത്ത മാസത്തോടെ തന്നെ കാട് കരിഞ്ഞുണങ്ങും. ഈ അവസ്ഥയില്‍ അയല്‍കാടുകളില്‍ തീ ഉണ്ടായാല്‍ തടയാന്‍ വേണ്ടത്ര സംവിധാനങ്ങള്‍ ഇത്തവണയില്ലെന്നാണ് വനംവകുപ്പ് ജീവനക്കാര്‍ പറയുന്നത്. 

click me!