
മുക്കം: കോഴിക്കോട് മുക്കത്തെ എസ്എംഎ ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കായി ലുലു ഗ്രൂപ്പ് സാമ്പത്തിക സഹായം നൽകും. നാളെ മുക്കത്തെ കുട്ടികളുടെ വീട്ടിൽ എത്തിയാണ് സഹായ ധനം കൈമാറുക. കുട്ടികളുടെ ചികിത്സക്കായി 50 കോടി രൂപയാണ് കണ്ടത്തേണ്ടത്. ഇതിനായുള്ള ജനകീയ ഫണ്ട് സമാഹരണം ഇപ്പോഴും തുടരുകയാണ്. കോഴിക്കോട് മുക്കത്തിനടുത്ത് കല്ലുരുട്ടി സ്വദേശികളായ അരുൺ-ഷാൽമി ദമ്പതികളുടെ ട്രിപ്പ്ലറ്റ് കുഞ്ഞുങ്ങളായ ഡേവിഡ് മാഗ്‌നസ്, ഈഥൻ മോസസ്, ഒലിവർ ജോനാ എന്നിവരുടെ ജീൻ തെറാപ്പിക്കും തുടർചികിത്സയ്ക്കുമായി 50 കോടി രൂപയാണ് വേണ്ടത്. കുരുന്നുകളുടെ ചികിത്സാസഹായത്തിനായി ജനപ്രതിനിധികളും സാമൂഹിക-രാഷ്ട്രീയ നേതാക്കളും നാട്ടുകാരും കൈകോർത്ത് വിപുലമായ ജനകീയ കമ്മിറ്റിക്ക് രൂപം നൽകുകയായിരുന്നു. ബിരിയാണി,പായസം,ചായ ചാലഞ്ചുകൾ, ഗാനവിരുന്നുകൾ, സൗഹൃദ/സെലിബ്രിറ്റി ഫുട്ബോൾ ടൂർണമെന്റുകൾ, വീടുകൾ കയറിയുള്ള ശേഖരണം, തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ സംഘടനകളുടെയും സഹകരണം എന്നിവയിലൂടെയും ജനകീയ ഫണ്ട് സമാഹരണം പുരോഗമിക്കുന്നുണ്ട്
ഒറ്റപ്രസവത്തിലെ മൂന്ന് ആൺകുട്ടികൾക്കാണ് സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്എംഎ) രോഗം ബാധിച്ചത്. മൂവരുടെയും ചികിൽസയ്‌ക്കും ജീൻ തെറാപ്പിക്കും 50 കോടി രൂപ വേണമെന്നാണ് വിദഗ്‌ധ അഭിപ്രായം. കുഞ്ഞുങ്ങൾക്ക് ഒരുവയസും എട്ട് മാസവുമാണ് പ്രായം. പേശീബലം ക്ഷയിച്ചതിനാൽ ഇരിക്കാനും നടക്കാനും എഴുന്നേൽക്കാനും ശ്വാസമെടുക്കാനും ആഹാരം കഴിക്കാനുമെല്ലാം കുരുന്നുകൾ കഷ്‌ടപ്പെടുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam