മാതാപിതാക്കളുടെ മരണാനന്തരം മാത്രം സ്വത്തുക്കളില്‍ മക്കള്‍ക്ക് അവകാശം നല്‍കണം: വനിതാ കമ്മീഷന്‍ അധ്യക്ഷ

By Web TeamFirst Published Dec 5, 2018, 7:07 PM IST
Highlights

മരണാനന്തരം മാത്രം സ്വത്തുക്കള്‍ മക്കള്‍ക്ക് കൈവശപ്പെടുത്താനുള്ള നിലയിലേക്ക് കാര്യങ്ങള്‍ മാറണം.  വൃദ്ധസദനങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരിശോധനകള്‍ നടത്തി ആവശ്യമായ സൗകര്യങ്ങള്‍ സജ്ജമാക്കണം. നിലവിലെ വയോജന നിയമം ശക്തമല്ല.

കോഴിക്കോട്:  കേരളത്തില്‍ മക്കള്‍ ഉപേക്ഷിക്കുന്ന മാതാപിതാക്കളുടെ എണ്ണം കൂടുന്നതായി വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. മക്കള്‍ അമ്മമാരെ ഉപേക്ഷിക്കുന്നെന്ന പരാതിയാണ് സമീപകാലത്ത് കമ്മീഷന് മുന്നില്‍ വരുന്ന പരാതികളുടെ കാലതലായ ഭാഗം.  ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വത്തുക്കള്‍ മക്കളുടെ പേരിലേക്ക് മാറ്റിയെഴുതുന്നതാണ് ഇതിന് കാരണമെന്നും ജോസഫൈന്‍ പറഞ്ഞു.  ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച വയോജന വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജോസഫൈന്‍.

മരണാനന്തരം മാത്രം സ്വത്തുക്കള്‍ മക്കള്‍ക്ക് കൈവശപ്പെടുത്താനുള്ള നിലയിലേക്ക് കാര്യങ്ങള്‍ മാറണം.  വൃദ്ധസദനങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരിശോധനകള്‍ നടത്തി ആവശ്യമായ സൗകര്യങ്ങള്‍ സജ്ജമാക്കണം. നിലവിലെ വയോജന നിയമം ശക്തമല്ല. വയോജന നിയമം നടപ്പിലാക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ റവന്യു ഡിവിഷണല്‍ ഓഫീസര്‍മാരാണ്. തങ്ങള്‍ക്ക് മുന്നിലെത്തുന്ന വയോജനങ്ങള്‍ക്ക് നീതി ലഭിക്കാന്‍ ഇവര്‍ മുന്‍കൈ എടുക്കണമെന്നും അവര്‍ പറഞ്ഞു. തുല്യവരുമാനമുള്ള തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ എണ്ണം കുറയുകയാണ്. ഈ അവസ്ഥക്കും മാറ്റമുണ്ടാവേണ്ടതുണ്ട്. 

സംസ്ഥാന വനിതാ കമ്മീഷനും സീനിയര്‍ സിറ്റിസണ്‍ ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസ്സിയേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന വനിതകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും സംസ്ഥാനം വയോജന സൗഹൃദമാക്കാനും സര്‍ക്കാര്‍ ആവിഷ്‌കരിച്ച വിവിധ ക്ഷേമപദ്ധതികളെയും  വയോജന നിയമത്തെയും കുറിച്ച് കമ്മീഷന്‍ അംഗങ്ങളായ അഡ്വ. എം സി താര, ഇ എം രാധ എന്നിവര്‍ വിഷയാവതരണം നടത്തി. കൗണ്‍സിലര്‍ അഡ്വ. സി കെ സീനത്ത്, കോര്‍പ്പറേഷന്‍ വയോമിത്രം കോര്‍ഡിനേറ്റര്‍ സന്ധ്യ, വനിതാവിംഗ് ജോ.സെക്രട്ടറി ഭാനുമതി, പി സൗദാമിനി, വി പ്രസന്ന, മേലടി നാരായണന്‍, സീനിയര്‍ സിറ്റിസണ്‍ ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസ്സിയേഷന്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.   

click me!