പത്ത്കോടിക്ക് ജന്മനാട്ടിലെ പള്ളി പുനര്‍നിര്‍മ്മിച്ച് എംഎ യൂസഫലി

By Web TeamFirst Published May 2, 2019, 1:55 PM IST
Highlights

പള്ളി സൗജന്യമായി പണിതു തരാമെന്നായിരുന്നു യൂസഫലി അറിയിച്ചത്. പ്രശസ്തരായ മൂന്നു ആർക്കിടെക്ടുകളാണ് പുതിയ പള്ളിയുടെ മാതൃക തയ്യാറാക്കിയത്.

നാട്ടിക:  പത്ത്കോടിക്ക് ജന്മനാട്ടിലെ പള്ളി പുനര്‍നിര്‍മ്മിച്ച് എംഎ യൂസഫലി. നാട്ടിക മുഹയൂദ്ദീന്‍ ജുമാ മസ്ജിദാണ് പുനര്‍ നിര്‍മ്മിച്ച് മേയ് രണ്ടിന് ഔദ്യോഗികമായ ഉദ്ഘാടനം നടത്തിയത്. നേരത്തെ  700 കുടുംബങ്ങൾ പ്രാർഥനയ്ക്കു വരുന്ന പള്ളി പുതുക്കി പണിയാൻ മഹല്ല് കമ്മിറ്റി ആലോചിച്ചപ്പോള്‍ ആഗോള വ്യവസായി എം.എ.യൂസഫലി സഹായം നല്‍കുകയായിരുന്നു.

 പള്ളി സൗജന്യമായി പണിതു തരാമെന്നായിരുന്നു യൂസഫലി അറിയിച്ചത്. പ്രശസ്തരായ മൂന്നു ആർക്കിടെക്ടുകളാണ് പുതിയ പള്ളിയുടെ മാതൃക തയ്യാറാക്കിയത്. 14,000 സ്ക്വയർ ഫീറ്റ്. 1500 പേർക്ക് ഒരേ സമയം നിസ്ക്കരിക്കാം. യൂസഫലിയുടെ ഉറ്റവരുടെ കബറസ്ഥാൻ ഈ പള്ളി വളപ്പിലാണ്. 
പൂർണമായും പ്രകൃതി സൗഹൃദമായാണ് നിർമാണം പൂർത്തിയാക്കിയത്. 

മഴവെള്ളം പൂര്‍ണ്ണമായും സംഭരിക്കുന്ന നിലയിലാണ് നിര്‍മ്മാണം. താഴത്തെ നില പൂർണമായും ശിതീകരിച്ചതാണ്. അറേബ്യൻ മാതൃകയിലാണ് നിർമാണം. എല്ലാ നിർമാണ ജോലികളും പൂർത്തിയാക്കിയ ശേഷമാണ് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിക്ക് കൈമാറിയത്. പള്ളി നേരിൽ കാണാൻ എല്ലാ മതവിഭാഗത്തിൽപ്പെട്ട ആളുകൾക്കും സൗകര്യം ഒരുക്കിയിരുന്നു. 

നാട്ടികയിലെ നിരവധി പേർ പള്ളി കാണാൻ എത്തിയിരുന്നു. ഇറ്റലിയിൽ നിന്ന് പ്രത്യേകം ഇറക്കുമതി ചെയ്ത മാർബിളാണ് പാകിയിട്ടുള്ളത്. ഈജിപ്തിൽ നിന്നുള്ള പ്രത്യേക വിളക്കുകളും പള്ളിക്ക് അലങ്കാരമാകുന്നു.

മുന്‍പ് തൃപ്രയാർ വൈ മാളിൽനിന്നുള്ള ലാഭം ആരാധനാലയങ്ങൾക്ക് യൂസഫലി കൈമാറിയിരുന്നു.  ചടങ്ങിൽ തൃപ്രയാർ ശ്രീരാമക്ഷേത്രത്തിനുള്ള 10 ലക്ഷത്തിന്‍റെ ചെക്ക്‌ ക്ഷേത്രം അധികൃതർക്ക്‌ കൈമാറി. നാട്ടിക ആരിക്കിരി ഭഗവതീക്ഷേത്രം ഭാരവാഹികൾക്ക്‌ മൂന്നുലക്ഷവും തൃപ്രയാർ സെന്‍റ് ജൂഡ് ദേവാലയം ഭാരവാഹികൾക്ക്‌ മൂന്നുലക്ഷവും കൈമാറി.

click me!