
തിരുവനന്തപുരം: പാറക്കുളം വൃത്തിയാക്കാനായെത്തിച്ച മണ്ണുമാന്തിയന്ത്രം കുളത്തിൽ താഴ്ന്നു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. പേരൂർക്കട അടുപ്പുകൂട്ടാൻ പാറയ്ക്കു സമീപം പാറക്കുളത്തിലെ ചെളി നീക്കുന്നതിനായി തിരുവല്ലത്ത് നിന്നും എത്തിച്ച മണ്ണുമാന്തിയന്ത്രമാണ് കഴിഞ്ഞ ദിവസം കുളത്തിന്‍റെ ഒരു വശത്തെ ചെളി വാരുന്നതിനിടെ അമ്പതടി താഴ്ചയിലേക്ക് മുങ്ങിത്താഴ്ന്നത്. യന്ത്രം ബാർജിലേക്ക് കയറ്റുന്നതിനിടെയായിരുന്നു അപകടം.
ചെളിയും മാലിന്യങ്ങളും നിറഞ്ഞ കുളത്തിലെ ദുർഗന്ധം വമിക്കുന്ന മലിന ജലത്തിലേക്കാണ് മറിഞ്ഞ് വീണത്. യന്ത്രത്തിനുള്ളിലുണ്ടായിരുന്ന ഡ്രൈവർ യന്ത്രത്തിനൊപ്പം വെള്ളത്തിൽ വീണെങ്കിലും നീന്തി രക്ഷപ്പെടാനായി. പിന്നാലെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് ഫോഴ്‌സിന്‍റെ സ്‌കൂബ ടീം എത്തി ക്രെയിനിന്‍റെ സഹായത്തോടെ നാല് മണിക്കൂറോളം പ്രയത്നിച്ചാണ് മണ്ണുമാന്തി ഉയർത്താനായത്. ചെളിയും മാലിന്യങ്ങളും നിറഞ്ഞതിനാൽ തീർത്തും കാഴ്ച മങ്ങിയ നിലയിലായിരുന്നു.
മുങ്ങി പരിശോധന നടത്തിയ സംഘം യന്ത്രഭാഗങ്ങൾ കണ്ടെത്തി ഇരുമ്പ് റോപ്പ് ഇറക്കിയാണ് ക്രൈയ്നുമായി ബന്ധപ്പിച്ച് മുകളിലേക്ക് ഉയർത്തിയത്. തിരുവനന്തപുരം ഫയർഫോഴ്സിലെ സ്‌കൂബ ടീം അംഗങ്ങളായ വിദ്യരാജ്, സജി, ദിനു മോൻ, വിജിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam