ആള്‍ക്കൂട്ട കൊലപാതകം; മധു കൊലക്കേസില്‍ ഒരു വർഷമായിട്ടും വിചാരണ തുടങ്ങിയില്ല

By Web TeamFirst Published Feb 22, 2019, 7:04 AM IST
Highlights

വൻ തുക പ്രതിഫലം നൽകി സർക്കാർ കേസുകളിൽ വിദഗ്ധ അഭിഭാഷകരെ കൊണ്ടുവരുമ്പോഴാണ് ആള്‍ക്കൂട്ട കൊലപാതകത്തിന്‍റെ ഇരയായ ആദിവാസി യുവാവ് മധുവിന്‍റെ കേസില്‍ പ്രതിഫലത്തിന്‍റെ പേരിൽ സര്‍ക്കാര്‍ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റുന്നതെന്നതും ശ്രദ്ധേയം.

അട്ടപ്പാടി: മോഷണകുറ്റമാരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു മരിച്ചിട്ട് ഒരു വര്‍ഷം തികയാറായിട്ടും ഇതുവരെ കേസിന്‍റെ വിചാരണ തുടങ്ങിയിട്ടില്ല. കേസിലെ പ്രോസിക്യൂട്ടറെ നിയമിക്കാനുളള തീരുമാനം പ്രതിഫലത്തിന്റെ പേരിൽ സർക്കാർ റദ്ദാക്കിയതും മണ്ണാർക്കാട്  എസ് സി - എസ് ടി കോടതിയിൽ സ്ഥിരം ജഡ്ജിയില്ലാത്തതുമാണ് പ്രധാന തിരിച്ചടിയായത്. 

സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന പി ഗോപിനാഥ് മുന്നോട്ട് വച്ച ആവശ്യങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഉത്തരവ് റദ്ദാക്കിയത്. പബ്ലിക് പ്രോസിക്യൂട്ടർക്ക് നൽകുന്ന പ്രതിഫലം പോരെന്ന് ഗോപിനാഥ് ചൂണ്ടിക്കാട്ടിയതാണ് ഒഴിവാക്കാൻ കാരണമെന്ന് ആഭ്യന്തര വകുപ്പ് പറയുന്നു. എന്നാൽ കേസ് നടത്തിപ്പ് സംബന്ധിച്ച് കൂടുതൽ സൗകര്യമൊരുക്കണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടിരുന്നു. ഇതിന് അനുകൂലമായ  മറുപടി സർക്കാരിൽ നിന്ന് കിട്ടിയിരുന്നില്ലെന്നാണ്  വിവരം.

കേസ് നടക്കുന്ന മണ്ണാർക്കാട് കോടതിക്ക് സമീപം പ്രത്യേകം ഓഫീസും ഡിവൈഎസ്പി റാങ്കിലുളള ഒരുദ്യോഗസ്ഥന്‍റെ സഹായവും ഗോപിനാഥ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് അംഗീകരിച്ചില്ല. നിയമനം റദ്ദാക്കിയെന്ന മറുപടി മാത്രമാണ് പിന്നീട് ഗോപിനാഥിന് കിട്ടിയത്. സമ്മതപത്രം ഒപ്പിട്ടുനൽകിയിരുന്നെന്നും ഫീസിന്‍റെ കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നില്ലെന്നുമാണ് ഗോപിനാഥ് പറയുന്നത്.

കേസിന്‍റെ വിചാരണ തുടങ്ങാനിരിക്കെയാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ മാറ്റിയത്. ഇതോടെ വിചാരണ വൈകുകയായിരുന്നു. വൻ തുക പ്രതിഫലം നൽകി സർക്കാർ കേസുകളിൽ വിദഗ്ധ അഭിഭാഷകരെ കൊണ്ടുവരുമ്പോഴാണ് ആള്‍ക്കൂട്ട കൊലപാതകത്തിന്‍റെ ഇരയായ ആദിവാസി യുവാവ് മധുവിന്‍റെ കേസില്‍ പ്രതിഫലത്തിന്‍റെ പേരിൽ സര്‍ക്കാര്‍ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റുന്നതെന്നതും ശ്രദ്ധേയം.

ഇതിനിടെ അട്ടപ്പാടിയിലെ മധുവിന്‍റെ ആൾക്കൂട്ട കൊലപാതകത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം അട്ടിമറിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്താൻ പുനരന്വേഷണം വേണമെന്നാണ് മധുവിന്‍റെ കുടുംബത്തിന്‍റെ ആവശ്യം. ആൾക്കൂട്ട ആക്രമണങ്ങൾ അവസാനിപ്പിക്കാൻ സമഗ്രമായ നിയമനിർ‍മാണത്തിന് ജു‍ഡീഷ്യൽ അന്വേഷണം വേണമെന്നാണ് അട്ടപ്പാടി ആക്ഷൻ കൗൺസിലും ആവശ്യപ്പെടുന്നത്.

മധുവിനെ മ‍ർദിച്ചുകൊലപ്പെടുത്തിയ 16 പേരെ അറസ്റ്റുചെയ്ത് കുറ്റപത്രവും നൽകിയിരുന്നു. പക്ഷേ  ഈ അന്വേഷണം പോരെന്നാണ് മധുവിന്‍റെ കുടുംബം പറയുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നിൽക്കൂടിയാണ് മധുവിനെ പിടികൂടാൻ ആൾക്കൂട്ടം കിലോമീറ്ററുകൾ വനത്തിനുളളിലേക്ക് പോയത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ഇവർ എങ്ങനെ പോയെന്നത് കുടുംബത്തിന്‍റെ ചോദ്യമാണ്.

മധുവിനെ പിടിച്ചുകൊണ്ടുവരുമ്പോഴും മർദിക്കുമ്പോഴും ചില വനം വകുപ്പ് ഉദ്യോദസ്ഥർ ദൃക്സാക്ഷികളായിരുന്നു. എന്നാല്‍ അവരാരും മധുവിനെ മര്‍ദ്ദിക്കുന്നത് തടഞ്ഞില്ല. മുക്കാലിയിലെ വനം വകുപ്പിന്‍റെ ചെക്പോസ്റ്റ് കടന്നാണ് ആൾക്കൂട്ടം മധുവിനെ പുറത്തേക്ക് കൊണ്ടുവന്ന് കെട്ടിയിട്ട് തല്ലിയത്. ഇതെല്ലാം ഉദ്യോഗസ്ഥർ കണ്ടില്ലെന്ന് നടിച്ചു.

മധുവിന്‍റെ കൊലപാതകത്തിന് തൊട്ടുപിന്നാലെ വനം വകുപ്പ് ആഭ്യന്തര അന്വേഷണം തുടങ്ങിയിരുന്നു. പക്ഷേ പിന്നീടുളള ബഹളത്തിൽ ഇതേക്കുറിച്ച് ആരും ഒന്നും മിണ്ടിയില്ല. ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തിന് യാതൊരു തെളിവുമില്ലെന്നാണ് നിലവിൽ വനം വകുപ്പിന്‍റെ ന്യായം.
 

click me!