റാപിഡ് രാജയും റാണിയുമായി ഇവാനും ശിഖയും; മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ആവേശക്കൊടിയിറക്കം

By Web TeamFirst Published Jul 29, 2019, 11:48 AM IST
Highlights

മൂന്ന് ദിവസങ്ങളിലായി ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള 120 തോളം താരങ്ങളാണ് വിവിധ ഇനങ്ങളിലായി മത്സരിച്ചത്.

കോഴിക്കോട്: മൂന്ന് ദിവസങ്ങളിലായി കോടഞ്ചേരി പുലിക്കയം ചാലിപ്പുഴ, തിരുവമ്പാടി പുല്ലൂരാംപാറ ഇരുവഞ്ഞിപ്പുഴ എന്നിവിടങ്ങളില്‍ നടന്ന ഏഴാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ആവേശക്കൊടിയിറക്കം. ഇലന്തുകടവില്‍ നടന്ന സമാപന സമ്മേളനം ജോര്‍ജ് എം തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംയുക്തമായാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്.

മൂന്ന് ദിവസങ്ങളിലായി ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള 120 തോളം താരങ്ങളാണ് വിവിധ ഇനങ്ങളിലായി മത്സരിച്ചത്. ഫെസ്റ്റിവലില്‍ റഷ്യക്കാരന്‍ ഇവാന്‍ കോസ്ലേചോവ് റാപിഡ് രാജയും ഇന്ത്യക്കാരി ശിഖ ചൗഹാന്‍ റാപിഡ് റാണിയുമായി. ബോട്ടര്‍ ക്രോസ്, ഡൗണ്‍ റിവര്‍ സൂപ്പര്‍ ഫൈനല്‍ എന്നിവയിലെ ഒന്നാംസ്ഥാനവും പ്രൊഫഷണല്‍ സ്ലാലോമില്‍ നേടിയ മൂന്നാംസ്ഥാനവുമാണ് ഇവാനെ ചാമ്പ്യന്‍ഷിപ്പിലെ 'രാജാവാ'ക്കിയത്. 

കയാക്കിങ് രംഗത്തെ ഇന്ത്യന്‍ പ്രതീക്ഷയാണ് റാപിഡ്‌ റാണി പട്ടം നേടിയ മധ്യപ്രദേശുകാരി ശിഖ ചൗഹാന്‍. മലബാര്‍ റിവര്‍ ഫെസ്റ്റിവലില്‍ ആദ്യമായാണ് ഒരു ഇന്ത്യക്കാരി റാപിഡ് റാണിയാകുന്നത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ ഇന്ത്യന്‍ ടീമംഗമാണ് പതിനാറു വയസുകാരിയായ ശിഖ. ഫെസ്റ്റിവലില്‍ ഇത്തവണ ഇന്ത്യന്‍ താരങ്ങളുടെ മികച്ച പ്രകടനമാണ് നടന്നത്.

സൂപ്പര്‍ ഫൈനലില്‍ ഏഴാമതെത്തി 'ലോക്കല്‍ ബോയ്' നിധിന്‍ദാസും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. വിജയികള്‍ക്കുള്ള സമ്മാനങ്ങളും മെഡലുകളും ക്യാഷ് പ്രൈസുകളും ചടങ്ങില്‍ വിതരണം ചെയ്തു. പുല്ലൂരാംപാറ സ്വദേശിയായ കയാക് താരം നിധിന്‍ദാസിന് കയാക് വാങ്ങുന്നതിന് പ്രദീപ് മൂര്‍ത്തി സംഭാവന ചെയ്ത കയാകിന്റെ പാതി തുകയും ചടങ്ങില്‍ സമ്മാനിച്ചു. 

click me!