
മലപ്പുറം: മലപ്പുറം ജില്ലയുടെ തീരപ്രദേശങ്ങളിൽ കടലാമകളുടെ പ്രജനന കാലത്തിന് തുടക്കമായി. സമുദ്രത്തിന്റെ ആരോഗ്യവും സന്തുലിതാവസ്ഥയും വിളിച്ചോതുന്ന 'ഇൻഡിക്കേറ്റർ സ്പീഷിസ്' (സൂചന ജീവജാതി) ആയ കടലാമകൾ മുട്ടയിടാനായി തീരങ്ങളിലേക്ക് എത്തുന്ന കാഴ്ചയാണിപ്പോൾ. ഡിസംബർ മുതൽ ഏപ്രിൽ വരെയാണ് ഈ അപൂർവ്വ ജീവികളുടെ പ്രധാന പ്രജനന കാലഘട്ടം.
ജില്ലാ സാമൂഹിക വനവത്കരണ ഡിവിഷന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ സീസണിൽ (2024 ഡിസംബർ 25 മുതൽ 2025 മാർച്ച് 2 വരെ) മികച്ച പ്രവർത്തനങ്ങളാണ് നടന്നത്. 7,289 മുട്ടകൾ ശേഖരിച്ചു. 2,112 കുഞ്ഞുങ്ങൾ വിരിയുകയും വിജയകരമായി കടലിലേക്ക് മടങ്ങുകയും ചെയ്തു. 523 മുട്ടകൾ കുറുനരികളും നായ്ക്കളും തിന്നു തീർത്തു. 4,654 എണ്ണം വിവിധ കാരണങ്ങളാൽ വിരിയാതെ നശിച്ചു പോവുകയുമായിരുന്നു.
കടൽ ആവാസവ്യവസ്ഥയിൽ ചെമ്മീൻ, പവിഴപ്പുറ്റുകൾ എന്നിവയുടെ നിലനിൽപ്പിന് കടലാമകൾ അനിവാര്യമാണ്. വംശനാശഭീഷണി നേരിടുന്നതിനാൽ 1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം (ഷെഡ്യൂൾ 1, പാർട്ട് 2) ഇവയ്ക്ക് ഉയർന്ന പരിരക്ഷ നൽകുന്നുണ്ട്. പൊന്നാനി മുതൽ പെരുമ്പടപ്പ് വരെയുള്ള തീരങ്ങളിലാണ് കടലാമകൾ കൂടുതലായി എത്തുന്നത്. കടൽഭിത്തികളില്ലാത്ത മണൽത്തിട്ടകളാണ് ഇവ മുട്ടയിടാനായി തിരഞ്ഞെടുക്കുന്നത്. മുട്ടകൾ സുരക്ഷിതമായി വിരിയിക്കാൻ തീരങ്ങളിൽ താൽക്കാലിക പ്രജനന കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ശരാശരി 40 ദിവസമാണ് മുട്ടകൾ വിരിയാൻ എടുക്കുന്നത്. വിരിഞ്ഞയുടൻ കുഞ്ഞുങ്ങളെ വനംവകുപ്പിന്റെ നേതൃത്വത്തിൽ കടലിലേക്ക് തുറന്നുവിടുന്നു.
കുറുനരികൾ, നായ്ക്കൾ, പരുന്തുകൾ എന്നിവയ്ക്ക് പുറമെ മനുഷ്യരും കടലാമ മുട്ടകൾ എടുക്കുന്നത് വലിയ വെല്ലുവിളിയാണ്. സാമൂഹിക വനവത്കരണ വകുപ്പ്, മലപ്പുറം ഡിവിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവർ സംയുക്തമായാണ് സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നത്. തീരദേശ പോലീസിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹകരണം ഈ പദ്ധതിക്ക് കരുത്തുപകരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam