
കൊച്ചി: മൂവാറ്റുപുഴ മേക്കടമ്പിൽ അടുക്കളയിൽ നിന്ന് തീ പടർന്നതിനെ തുടർന്ന് വീട് കത്തി നശിച്ചു. മേക്കടമ്പ് പടിഞ്ഞാറേ മൂത്തേടത്ത് പിയു രാജുവിന്റെ വീടാണ് കത്തി നശിച്ചത്. വീടിനുള്ളിൽ ഉണക്കാനിട്ടിരുന്ന റബർ ഷീറ്റുകളിലാണ് തീ പടർന്നത്. ക്രിസ്മസ് ദിവസം പുലർച്ചെ റബർ ടാപ്പിംഗിന് പോകാൻ രാജു, കാപ്പി ഉണ്ടാക്കി. എന്നാൽ വിറകടുപ്പിലെ കനലുകൾ പൂർണമായും അണഞ്ഞിരുന്നില്ല. അടുപ്പിൽ നിന്ന് പുക ഉയർന്നു മുകളിൽ ഉണക്കാനിട്ടിരുന്ന റബർ ഷീറ്റുകളിലേക്ക് തീ പിടിക്കുകയും വൈകാതെ തീ ആളിപ്പടരുകയും ചെയ്തു. വീടിന്റെ മേൽക്കൂരയിലേക്കും മറ്റ് ഭാഗങ്ങളിലേക്കും തീ അതിവേഗം പടർന്നു.
നാട്ടുകാർ വെള്ളം ഒഴിച്ച് തീ അണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും അഗ്നിരക്ഷാ സേന യൂണിറ്റ് സ്ഥലത്ത് എത്തിയ ശേഷമാണ് തീ പൂർണമായും നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞത്. വീട്ടിൽ രാജു ഒറ്റയ്ക്കാണു താമസം. വീടിന്റെ മേൽക്കൂരയും ഗൃഹോപകരണങ്ങളും മൊബൈൽ ഫോണും വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും കാർഷിക ഉത്പന്നങ്ങളും തീപിടിത്തത്തിൽ നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam