
മലപ്പുറം: മലപ്പുറത്ത് റോഡ് സൈഡിൽ മാലിന്യങ്ങള്‍ കൊണ്ടുവന്ന് തള്ളിയ കൂള്‍ബാര്‍ ഉടമക്ക് 10,000 രൂപ പിഴ ചുമത്തി. അച്ചനമ്പലം - വേങ്ങര റോഡില്‍ പൂച്ചോലമാട് - നൊട്ടപ്പുറം ഇറക്കത്തില്‍ മാലിന്യങ്ങള്‍ കൊണ്ടുവന്ന് തള്ളിയ കൂള്‍ബാര്‍ ഉടമക്കാണ് പണി കിട്ടിയത്. കോട്ടക്കലിലെ കൂള്‍ബാര്‍ ഉടമയെ വിളിച്ചുവരുത്തി കണ്ണമംഗലം ഗ്രാമപഞ്ചായത്ത് അധികൃതര്‍ പിഴ ഈടാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പൂച്ചോലമാട്ടില്‍നിന്ന് വേങ്ങര അങ്ങാടിയിലേക്ക് വരുന്ന വെട്ടുതോട് നൊട്ടപ്പുറം ഇറക്കത്തില്‍ മൂന്നിടത്തായി ചാക്കുകളിലാക്കി പ്ലാസ്റ്റിക്ക് അടക്കം മാലിന്യം കൊണ്ടുവന്ന് തള്ളിയത്.
രാവിലെ നാട്ടുകാര്‍ ഈ ചാക്കുകള്‍ തുറന്ന് പരിശോധി ക്കുകയും മാലിന്യങ്ങള്‍ക്കിടയില്‍ കോട്ടക്കലിലെ ചില സ്ഥാപനങ്ങളുടെ ബില്ലുകള്‍ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ നടത്തിയ പരിശോധനയിലാണ് ജ്യൂസ് കടയില്‍നിന്ന് ഉപേക്ഷിച്ച മാലിന്യമാണ് റോഡ് സൈഡിൽ തള്ളിയതെന്ന് മനസ്സിലായത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഗ്രാമപഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ ഇയാളെ നേരിട്ട് വിളിച്ചു വരുത്തി പിഴ ചുമത്തുകയായിരുന്നു. കൂടാതെ മാലിന്യം നീക്കാനുള്ള തുകയും ഇവരില്‍ നിന്ന് ഈടാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam